നടിയെ അപമാനിച്ച കേസിലെ പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. പ്രതികള്‍ ഇന്ന് പോലീസില്‍ കീഴടങ്ങുമെന്ന് അഭിഭാഷകന്‍ ബെന്നി തോമസ് പറഞ്ഞു.
പെരിന്തല്‍മണ്ണ മങ്കട സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് മാളില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത്. പ്രതികളെ അറസ്റ്റ് ചെയ്യാനായി കളമശ്ശേരി പൊലീസ് പെരിന്തല്‍മണ്ണയിലേക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം, തങ്ങള്‍ നടിയെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് യുവാക്കളുടെ വാദം. ജോലി ആവശ്യത്തിനായാണ് കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താന്‍ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കള്‍ പറഞ്ഞു. ഇവിടെ വച്ച് നടിയെ കണ്ടു, അടുത്തു പോയി സംസാരിച്ചു. എന്നാല്‍ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് യുവാക്കള്‍ പറയുന്നു. സംഭവത്തില്‍ നടിയോട് മാപ്പ് പറയാന്‍ തയാറാണെന്നും പ്രതികള്‍ പറഞ്ഞു.
കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച് തനിക്ക് നേരെയുണ്ടായ അതിക്രമം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തുറന്നുപറഞ്ഞത്. കുടുംബത്തിനൊപ്പം കഴിഞ്ഞ ദിവസം ഷോപ്പിങ് മാളില്‍ എത്തിയപ്പോഴാണ് നടിക്ക് ഈ മോശം അനുഭവമുണ്ടായത്. ഹൈപ്പര്‍മാര്‍ക്കറ്റില്‍ നില്‍ക്കുകയായിരുന്നു തന്റെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരില്‍ ഒരാള്‍ ശരീരത്തിന്റെ പിന്‍ഭാഗത്തായി മനഃപൂര്‍വം സ്പര്‍ശിച്ചു കൊണ്ടാണ് കടന്നുപോയതെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സംഭവം വിവാദമായതോടെ ഐ.ജി വിജയ് സാഖറെയുടെ നിര്‍ദേശപ്രകാരം കളമശ്ശേരി പൊലീസ് കെസെടുത്തു. യുവാക്കളുടെ വിവരങ്ങളും ഫോട്ടോയും പുറത്തുവന്നതോടെ പൊലീസിന് മുന്‍പില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നാണ് യുവാക്കളുടെ നിലപാട്.