കൊച്ചി: നഗരത്തിലെ പ്രമുഖ മാളില്‍ നടിയെ അപമാനിച്ചവരെ തിരിച്ചറിഞ്ഞു. പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് നടിയെ അപമാനിച്ച കേസിലെ പ്രതികള്‍. ഇവര്‍ ഉടന്‍ കീഴടങ്ങും. നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും യുവാക്കള്‍ പറഞ്ഞു. നിയമോപദേശം കിട്ടിയതുകൊണ്ടാണ് ഒളിവില്‍ പോയതെന്നും ഇവര്‍ പറഞ്ഞു.
കൊച്ചിയിലെ മാളില്‍വെച്ച് യുവാക്കള്‍ മോശമായി പെരുമാറിയെന്ന് നടിയുടെ കുടുംബം പറഞ്ഞു. കേസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ഇവര്‍ അറിയിച്ചു.
ശനിയാഴ്ചയാണ് പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടത്. 17നു വൈകിട്ട് 5.45നു രണ്ടു പ്രതികളും ലുലു മാളിനുള്ളില്‍ കടന്നത് ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ നിന്നുള്ള പ്രവേശന കവാടം വഴിയാണെന്നു പൊലീസ് കണ്ടെത്തി. മാളിലും റെയില്‍വെ സ്റ്റേഷനിലും ഇവര്‍ പേരോ നമ്ബറോ നല്‍കിയിട്ടില്ല. മാളില്‍നിന്ന് ഒന്നും വാങ്ങാതെയാണ് ഇവര്‍ മടങ്ങിയത്.
വ്യാഴാഴ്ച വൈകീട്ട് കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയ നടിയെ രണ്ട് ചെറുപ്പക്കാര്‍ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചശേഷം പിന്തുടര്‍ന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പൊലീസും വനിതാ കമീഷനും സ്വമേധയാ കേസെടുക്കുകയായിരുന്നു.












