കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം കൂടി സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീംകോടതിയെ സമീപിച്ചു. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ കൃത്യമായി വിചാരണ നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് സാവകാശം ചോദിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് സുപ്രീംകോടതി ചൊവ്വാഴ്ച്ച പരിഗണിക്കും.
കേസില്‍ ആറ് മാസത്തിനകം വിചരണ പൂര്‍ത്തിയാക്കണം എന്നായിരുന്നു സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം കേസിന്റെ വിചാരണ പുനരാരംഭിച്ചിരുന്നു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ പ്രതികള്‍ നേരിട്ട് ഹാജരായിരുന്നില്ല. കേസില്‍ പ്രസിക്യൂഷന്റെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായെങ്കിലും മാര്‍ച്ച് 24ന് ശേഷം വിസ്താരം നടന്നിട്ടില്ല.