ചെന്നൈ: അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിയ തമിഴ് നടന്‍ ഷാം ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍. നുങ്കംബാക്കം മേഖലയിലെ അപ്പാര്‍ട്ട്‌മെന്റിലാണു ചൂതാട്ടം നടത്തിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് സിനിമാ മേഖലയുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് നടന്റെ ഫ്‌ളാറ്റില്‍ ചൂതാട്ട കേന്ദ്രം ആരംഭിച്ചത്. സംഭവത്തില്‍ മറ്റ് ഏതെങ്കിലും നടന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നു വ്യക്തമല്ല. അറസ്റ്റിലായവരില്‍ സംവിധായകനും വ്യവസായ പ്രമുഖരും ഉള്‍പ്പെടുന്നു.
തിങ്കളാഴ്ച രാത്രിയാണ് നുങ്കംപാക്കം അസി. കമീഷണര്‍ മുത്തുവേല്‍പാണ്ടിയുടെ നേതൃത്വത്തിലെ പൊലീസ് ടീം മിന്നല്‍ പരിശോധന നടത്തിയത്. രാത്രി 11 മുതല്‍ പുലര്‍ച്ച നാല് വരെയായിരുന്നു കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ലക്ഷക്കണക്കിന് റൊക്ക പണവും ചൂതാട്ടത്തിന് ഉപയോഗിച്ച ടോക്കണുകളും ചീട്ടുകെട്ടുകളും മറ്റും പൊലീസ് കണ്ടെടുത്തു. ചൂതാട്ട നിയമപ്രകാരം അറസ്റ്റിലായ പ്രതികളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.


















