നടന്‍ ജയന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ജയന്റെ അപകടത്തിന് കാരണമായ ഹെലികോപ്ടറിനെ ചുറ്റിപറ്റിയാണ് ഇപ്പോള്‍ ദുരൂഹതകള്‍ നിലനില്‍ക്കുന്നത്. 1980 നവംബര്‍ 16 ന് ഷോളാവരത്ത് അപകടത്തില്‍പ്പെട്ട വിടി-ഇഎഒ എന്ന ഹെലികോപ്ടര്‍ പൂര്‍ണമായി നശിച്ചു- ഡിസ്ട്രോയ്ഡ് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇല്ലാതായ ഒരു ഹെലിക്കോപ്ടറിന് രണ്ടു കൊല്ലത്തിനു ശേഷം മറ്റൊരു അപകടത്തില്‍ സാരമായ കേടുപാടുകളുണ്ടായി എന്ന് ഡിജിസിഎ പറയുന്നു. ജയന്‍ മരിച്ച അപകട റിപ്പോര്‍ട്ടില്‍ ഹെലിക്കോപ്ടര്‍ ഉടമ പുഷ്പക ഏവിയേഷന്‍ എന്നു പറയുന്നുണ്ട്. എന്നാല്‍, കല്ലല എസ്റ്റേറ്റില്‍ രണ്ടുകൊല്ലം കഴിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട ഹെലിക്കോപ്ടറിന്റെ ഉടമയാരെന്ന് ഡിജിസിഎ റിപ്പോര്‍ട്ടിലില്ല. ഓപ്പറേറ്ററുടെ കാര്യം ആ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതേയില്ല. അപകട റിപ്പോര്‍ട്ടുകളില്‍ ഒഴിവാക്കാനാകാത്ത ഒരു വിവരമായിട്ടുപോലും ഇക്കാര്യം ശ്രദ്ധിച്ചില്ലെന്ന് വേണം പറയാന്‍. ജേക്കബ് കെ ഫിലിപ്പ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ തെളിവുകളോടെ പുറത്തുവിട്ടത്.
ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ് ഇങ്ങനെ:
ഷോളാവരത്ത് നടന്‍ ജയന്റ മരണത്തിനിടയാക്കിയ 1980 ലെ ഹെലിക്കോപ്ടറിനെപ്പറ്റിയുള്ള എന്റെ കണ്ടത്തല്‍ ശരിയായിരുന്നില്ല. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പക്കലുള്ള അപകട റിപ്പോര്‍ട്ടുകളിലെ വിവരങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ വിമാനാപകടങ്ങളുടെ ഏറ്റവും ആധികാരികമായ നാള്‍വഴി രേഖകള്‍ സൂക്ഷിക്കുന്ന ഡിജിസിഎ രേഖകള്‍ പ്രകാരം, ഷോളാവരത്തെ അപകടത്തില്‍പ്പെട്ട ഹെലിക്കോപ്ടറിന്റെ റജിസ്ട്രേഷന്‍ വിടി-ഇഎഒ ആണ്.
എന്നാല്‍, കോളിളക്കത്തിന്റെ വിഡിയോയില്‍ നിന്ന് പല തവണ സ്‌ക്രീന്‍ഷോട്ടെകളെടുത്ത് വായിച്ച പ്രകാരം ഞാന്‍ അന്വേഷിച്ചു പോയത് വിടി-ഇഎഡി എന്ന ഹെലിക്കോപ്ടറിനു പിന്നാലെയും. പിന്നീട് ഏവിയേഷന്‍ സേഫ്റ്റി ഡോട്ട് നെറ്റ് എന്ന വിമാനപകട ഡാറ്റാബേസ് സൈറ്റിന്റെ വിക്കി പേജില്‍ ഈ റജിസ്ട്രേഷന്‍ വിടി-ഇഎഒ എന്നു കണ്ടെങ്കിലും ആര്‍ക്കും എഴുതാവുന്നതും ആര്‍ക്കും മാറ്റം വരുത്താവുന്നതുമായ വിക്കിപേജിലെ വിവരത്തേക്കാള്‍ വിശ്വാസ്യത, ആ ഹെലിക്കോപ്ടറില്‍ നിന്ന് (വിഡിയോയില്‍ നിന്ന്) നേരിട്ടെടുക്കുന്ന വിവരത്തിനാണ് എന്ന ഉറപ്പിന്റെ പുറത്താണ് നെറ്റില്‍ വിടി-ഇഎഒ ഒഴിവാക്കി വിടി-ഇഎഡിക്കു വേണ്ടി തിരയുന്നത്.
റോട്ടര്‍സ്പോട്ട് ഡോട്ട് എന്‍എല്‍ എന്ന, ഹെലിക്കോപ്ടര്‍ വിവരങ്ങളുടെ ആര്‍ക്കൈവ് സൈറ്റില്‍ നിന്ന് കിട്ടിയ വിടി-ഇഎഡി, ഇതേ ഇനം ഹെലിക്കോപ്ടര്‍ തന്നെയായിരുന്നതും അത് നിര്‍മിച്ചത് ജയന്റെ മരണത്തിനു മുമ്പായിരുന്നതും, (1969 ല്‍) എല്ലാ സംശയങ്ങളും തീര്‍ക്കുകയും ചെയ്തു.
ഓസ്ട്രേലിയയിലെ എഎംടി ഹെലിക്കോപ്ടേഴ്സിന്റെ പക്കല്‍ 2000 ജൂലൈയില്‍ എത്തിയ ഈ ഹെലിക്കോപ്ടറിന്റെ പടം എയര്‍ലൈനേഴ്സ് ഡോട്ട് നെറ്റില്‍ നിന്ന് പോസ്റ്റിനൊപ്പം കൊടുത്തതും അങ്ങനെയാണ്. ഞാന്‍ എഴുതിയതു പോലെ, ജയന്‍ മരിച്ച അപകടമുണ്ടാക്കിയ ഹെലിക്കോപ്ടറല്ല, ഓസ്ട്രേലിയയില്‍ 2010 വരെ പറന്നിരുന്നത് എന്നു തന്നെയാണ് ഡിജിസിഎ രേഖകളുടെ അര്‍ഥം.
ഫേസ്ബുക്കില്‍ എഴുതും മുമ്പ് ഡിജിസിഎയുടെ ഈ രേഖകള്‍ കൂടി പരിശോധിക്കാതിരുന്നത് എന്റെ പിഴവാണ്. അപകടമുണ്ടാക്കിയ ഹെലിക്കോപ്ടറിന്റെ വിശദാംശങ്ങള്‍ കണ്ടെത്താനായി അതിന്റെ റജിസ്ട്രേഷന്‍ ആ ഹെലിക്കോപ്ടറില്‍ നിന്നു തന്നെ എടുക്കുന്നതോടൊപ്പം തന്നെ ഔദ്യോഗിക രേഖകള്‍ കൂടി കണ്ടെത്തി പരിശോധിക്കാതിരുന്നതിനു കാരണം അപകടം, ഇന്റര്‍നെറ്റിനും കംപ്യൂട്ടറുകള്‍ക്കും മുമ്പുള്ള 1980 ലായിരുന്ന എന്നതായിരുന്നു. നെറ്റിലെ തിരച്ചിലുകളില്‍ സുചനകളൊന്നും കിട്ടിയതുമില്ല. എന്നാല്‍, സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്ത കടലാസുകളിലെ അക്ഷരങ്ങള്‍ നെറ്റിലെ തിരച്ചിലുകളില്‍ എല്ലായ്പ്പോഴും എത്തില്ലെന്നത് ഡിജിസിഎയുടെ ഈ ആര്‍ക്കൈവുകളിലെ വിവരങ്ങള്‍ക്ക് അദൃശ്യത നല്‍കുകയായിരുന്നു.
ഇത്രയും പറഞ്ഞു കഴിയുമ്പോള്‍, ഡിജിസിഎയില്‍ നിന്ന് ഇപ്പോള്‍ കിട്ടിയ, 1980 ലെ റിപ്പോര്‍ട്ടിലുള്ള വലിയ ഒരു ദുരൂഹതയെപ്പറ്റിക്കൂടി പറയേണ്ടതുണ്ട്.1980 നവംബര്‍ 16 ന് ഷോളാവരത്ത് അപകടത്തില്‍പ്പെട്ട വിടി-ഇഎഒ എന്ന ഹെലിക്കോപ്ടര്‍ പൂര്‍ണമായി നശിച്ചു- ഡിസ്ട്രോയ്ഡ് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിമാനാപകട റിപ്പോര്‍ട്ടുകളില്‍ ഡിസ്ട്രോയ്ഡ് എന്നെഴുതിയാല്‍ ആ വിമാനം പിന്നീട് ഇല്ല എന്നാണര്‍ഥം. എഴുതിത്തള്ളി, അഥവാ റിട്ടണ്‍ ഓഫ് എന്നു പറയുന്നതു പോലെ തന്നെ.
എന്നാല്‍, രണ്ടു കൊല്ലത്തിനു ശേഷം, 1982 മെയ് 30 ന് കൊച്ചിക്കടുത്ത് കല്ലല എസ്റ്റേറ്റില്‍ മരുന്നു തളിക്കുമ്പോള്‍ തകര്‍ന്നു വീണ് പൈലറ്റ് മരിച്ച, ഹെലിക്കോപ്ടറിന്റെ റജിസ്ട്രേഷനും വിടി-ഇഎഒ തന്നെയാണ്. ഹെലിക്കോപ്ടറിന്റെ ഇനവും ഷോളാവരം അപകടത്തിലേതു തന്നെ- ബെല്‍ 47ജി-5.ഹെലിക്കോപ്ടറിന്റെ കേടുപാടുകളോ കാര്യമായത്, സബ്സറ്റന്‍ഷ്യല്‍ എന്നാണ് ഡിജിസിഎ ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. 1980 നവംബര്‍ 16 ന് ഒരു അപകടത്തില്‍ പൂര്‍ണമായി നശിച്ച, ഇല്ലാതായ ഒരു ഹെലിക്കോപ്ടറിന് രണ്ടു കൊല്ലത്തിനു ശേഷം മറ്റൊരു അപകടത്തില്‍ സാരമായ കേടുപാടുകളുണ്ടായി എന്ന് ഡിജിസിഎ പറയുന്നു എന്നാണ് ഇതിനര്‍ഥം. ഒരപകടത്തില്‍ മരിച്ച ഒരാള്‍ക്ക് രണ്ടുകൊല്ലത്തിനു ശേഷമുണ്ടായ മറ്റൊരു അപകടത്തില്‍ സാരമായ പരുക്കേറ്റു എന്നു പറയുന്നതു പോലെ തന്നെ.
ഈ അമ്പരപ്പിക്കുന്ന വൈരുദ്ധ്യത്തോട് ചേര്‍ത്തു വയ്ക്കാവുന്ന മറ്റൊരു കാര്യവും ഈ റിപ്പോര്‍ട്ടുകളിലുണ്ട്. ജയന്‍ മരിച്ച അപകട റിപ്പോര്‍ട്ടില്‍ ഹെലിക്കോപ്ടര്‍ ഉടമ പുഷ്പക ഏവിയേഷന്‍ എന്നു പറയുന്നുണ്ട്. എന്നാല്‍, കല്ലല എസ്റ്റേറ്റില്‍ രണ്ടുകൊല്ലം കഴിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട ഹെലിക്കോപ്ടറിന്റെ ഉടമയാരെന്ന് ഡിജിസിഎ റിപ്പോര്‍ട്ടിലില്ല. ഓപ്പറേറ്ററുടെ കാര്യം ആ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതേയില്ല അപകട റിപ്പോര്‍ട്ടുകളില്‍ ഒഴിവാക്കാനാകാത്ത ഒരു വിവരമാണ് ഇതെന്ന് ഓര്‍ക്കുക. മറ്റൊന്നു കൂടി- പല വാര്‍ത്തകളില്‍ ഇതിനോടകം കണ്ടതു പോലെ, ജയന്‍ മരിച്ച അപകടത്തില്‍പ്പെട്ട ഹെലിക്കോപ്ടര്‍ പറത്തിയിരുന്ന പൈലറ്റല്ല, രണ്ടാമത്തെ അപകടത്തില്‍ മരിച്ച പൈലറ്റെന്നു ഈ ഡിജിസിഎ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ടു പൈലറ്റുമാരുടെയും ലൈസന്‍സ് നമ്പര്‍ വ്യത്യസ്തമാണ്. പടങ്ങള്‍-ഷോളാവരത്തെയും കല്ലല എസ്റ്റേറ്റിലെയും അപകടങ്ങളുടെ ഡിജിസിഎ റിപ്പോര്‍ട്ടുകള്‍.
പി.എസ്.
https://www.facebook.com/jacobkphilip/posts/10221946893688844