തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് ജനക്ഷേമ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുള്ള നടപടികൾ സർക്കാർ നടപ്പാക്കുകയാണെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ. സംസ്ഥാനത്തുടനീളമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആധുനീകരണം ഇതിന്റെ ഭാഗമായാണെന്നും മന്ത്രി പറഞ്ഞു. പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ലൈഫ് അടക്കമുള്ള സർക്കാരിന്റെ പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്തുത്യർഹമായ പ്രവർത്തനമാണു നടത്തിയതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പ്രളയംപോലുള്ള പ്രകൃതി ദുരന്തങ്ങളെയും കോവിഡ് മഹാമാരിയേയും ചെറുത്തു നിൽക്കാൻ സർക്കാരിനു കൈത്താങ്ങായതും തദ്ദേശ സ്ഥാപനങ്ങളാണെന്നു മന്ത്രി പറഞ്ഞു.
സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.15 കോടി രൂപ ചെലവഴിച്ചാണ് മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സി.കെ.ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിനു ലഭിച്ച ഐഎസ്ഒ സർട്ടിഫിക്കറ്റ് കൈമാറൽ, ശുചിത്വ ബ്ലോക്ക് പദ്ധതി പ്രഖ്യാപനം, പൗരാവകാശരേഖ പ്രകാശനം, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരെ ആദരിക്കൽ എന്നിവയും നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, വൈസ് പ്രസിഡന്റ് എസ്. ആര്യദേവൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ സൗമ്യ ഉദയൻ, അജിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമവികസന കമ്മീഷണർ എൻ. പത്മകുമാർ എൽ.എസ്.ജി.ഡി. അസിസ്റ്റന്റ് എൻജിനീയർ എസ്. ജ്യോതിസ്, ജില്ലാ വനിതക്ഷേമ ഓഫീസർ സജിന സത്താർ, ബിഡിഒ കെ. രാജേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.