മയക്കുമരുന്ന് കടത്ത് ഫിലിപ്പീന്‍സ് സ്വദേശികള്‍ക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചു
അബുദാബി : മയക്കു മരുന്ന് കൈവശം വെച്ചതിനും കച്ചവടം നടത്തിയതിനും രണ്ട് ഫിലിപ്പീന്‍സ് സ്വദേശികള്‍ക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചു.
വിദേശത്ത് നിന്ന് ചില ക്രിമിനല്‍ സംഘങ്ങളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇവര്‍ അബുദാബിിയില്‍ മയക്കു മരുന്ന് കച്ചവടം നടത്തിയിരുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
കടല്‍ മാര്‍ഗം എത്തുന്ന മയക്കുമരുന്ന് പിന്നീട് ഒറ്റപ്പെട്ട തീരങ്ങളില്‍ എത്തിക്കുകയും അവിടെ നിന്ന് പായ്ക്കറ്റുകളാക്കി നഗരങ്ങളില്‍ വിറ്റഴിക്കുകയാണ് ഇവരുടെ രീതി.
വാട്‌സ്ആപ് ഉപയോഗിച്ച് ആവശ്യക്കാരെ കണ്ടെത്തി അവര്‍ക്ക് മയക്ക് മരുന്ന് എത്തിച്ചു നല്‍കും.
ഇവരുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച പോലീസ് താമസിക്കുന്ന സ്ഥലം കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ മയക്കു മരുന്നു കണ്ടെത്തുകയുമാണുണ്ടായത്.
സമൂഹത്തിനും വളരുന്ന തലമുറയ്ക്കും അത്യന്തം അപകടകരമായ മയക്കുമരുന്ന് വില്‍ക്കുന്നതും ശേഖരിക്കുന്നതും പരമാവധി ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണെന്ന് കോടതി വിധിയില്‍ പറഞ്ഞു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ കൂടുതല്‍ മാനുഷിക പരിഗണന നല്‍കുന്ന പുതിയ നിയമഭേദഗതി യുഎഇ അടുത്തിടെ നടപ്പിലാക്കിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് പിടിക്കപ്പെട്ടാല്‍ ശിക്ഷയേക്കാള്‍ അവര്‍ക്ക് ആവശ്യമായ മാനസികവും ആരോഗ്യപരവുമായ ചികിത്സ നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. പക്ഷേ, മയക്കുമരുന്ന് കച്ചവടം നടത്തുന്നവര്‍ക്ക് പരമാവാധി ശിക്ഷ നല്‍കാനാണ് നിയമം അനുശാസിക്കുന്നത്