മുസഫ വ്യവസായ മേഖലയില്‍ നിന്നുള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ നിന്നും തലസ്ഥാന നഗരിയിലേക്ക് നോണ്‍ സ്റ്റോപ് ബസ് സര്‍വ്വീസിന് തുടക്കം
അബുദാബി : എമിറേറ്റിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും തലസ്ഥാന നഗരിയിലേക്ക് നോണ്‍ സ്റ്റോപ് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നു.
സ്വകാര്യ മേഖലയ്ക്കു കൂടി പങ്കാളിത്തമുള്ള എക്‌സ്പ്രസ് ബസ് സര്‍വ്വീസുകളാണ് ആരംഭിക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി ഐടിസി അറിയിച്ചു.
സര്‍വ്വീസ് തുടങ്ങുന്ന ഇടത്തുനിന്ന് ലക്ഷ്യ സ്ഥാനം വരെ മറ്റു സ്റ്റോപുകളില്‍ ബസ് നിര്‍ത്തില്ലെന്നും പോയിന്റു ടു പോയിന്റ് യാത്രാക്കാരുടെ സൗകര്യാര്‍ത്ഥമാണ് എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിക്കുന്നതെന്നും ഐടിസി അധികൃതര്‍ അറിയിച്ചു.
വ്യവസായ കേന്ദ്രമായ മുസഫയില്‍ നിന്ന് മുഹമദ് ബിന്‍ സയിദ് സിറ്റിയിലേക്കും ഷഹാമ, ബനിയാസ്, ഖലീഫ സിറ്റി, അല്‍ഫല എന്നിവിടങ്ങളില്‍ നിന്ന് അബുദാബി നഗരത്തിലേക്കുമാണ് ആദ്യഘട്ടത്തില്‍ സര്‍വ്വീസുകള്‍ നടത്തുക.
തുടര്‍ന്ന് ഐല്‍ ഐനിലേക്കാണ് സര്‍വ്വീസുകള്‍ നടത്തുക. അല്‍ഫഖ, അല്‍ ഹായര്‍, സൈ്വഹാന്‍, അല്‍ഷിവൈബ്, നാഹില്‍, അബുസംറ, അല്‍ വിഖാന്‍, അല്‍ഖുവ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന് ഐല്‍ ഐനിലേക്കാണ് സര്‍വ്വീസുകള്‍.
തിങ്കള്‍ മുതല്‍ വെള്ളി വരെ പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി 10 വരെയാകും സര്‍വ്വീസുകള്‍. അതേസമയം, പൊതുഅവധി ദിനങ്ങളിലും വാരാന്ത്യ അവധി ദിനങ്ങളിലും പുലര്‍ച്ചെ ഒന്നുവരെ സര്‍വ്വീസുണ്ടാകും.
തിരക്കേറിയ സമയങ്ങളില്‍ പത്ത് മിനിറ്റ് ഇടവേളകളിലും അല്ലാത്ത സമയങ്ങളില്‍ 25 മിനിറ്റ് ഇടവിട്ടുമാണ് സര്‍വ്വീസുകള്‍. അല്‍ ഗസല്‍, എമിറേറ്റ് ടാക്‌സി എന്നീ കമ്പനികളാണ് സര്‍വ്വീസുകള്‍ നടത്തുന്നത്.