സമ്മാനം ലഭിച്ച വിവരം അറിയിക്കാന്‍ ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയുടെ സഹായം തേടിയിരിക്കുകയാണ് സംഘാടകര്‍
അബുദാബി : ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ച രണ്ടു പേര്‍ ഇനിയും ഈ സൗഭാഗ്യം അറിയാതെ അജ്ഞാതരായി കഴിയുന്നു.
നവംബര്‍ 28 ന് ഒരു ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ച കമ്മുകുട്ടി എന്ന ആളെ ഇതേവരെ കണ്ടെത്താനായിട്ടില്ല. ടിക്കറ്റ് നമ്പര്‍ 238482 നാണ് ഒരു ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്. എന്നാല്‍, ഓണ്‍ലൈനില്‍ എടുത്ത ഈ ടിക്കറ്റിനൊപ്പം തന്നിരിക്കുന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് മറുപടിയില്ല. കമ്മു കുട്ടി എന്നയാള്‍ക്കാണ് സമ്മാനം ലഭിച്ചത്.
സമ്മാനം ലഭിച്ച വിവരം പറയാന്‍ സംഘാടകര്‍ ഈ നമ്പറില്‍ വിളിച്ചപ്പോള്‍ ഇദ്ദേഹം ഫോണ്‍ എടുത്തു. പക്ഷേ, ഒരു ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചെന്ന് മറുതലയ്ക്കലില്‍ നിന്ന് പറഞ്ഞപ്പോള്‍ ഇദ്ദേഹം വിശ്വസിക്കാന്‍ തയ്യാറായില്ല.
ആരോ കബളിപ്പിക്കാന്‍ വിളിക്കുകയാണെന്ന് കരുതി അദ്ദേഹം കൂടുതല്‍ സംസാരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നും സംഘാടകര്‍ ഇദ്ദേഹത്തെ വിളിക്കാന്‍ ശ്രമിക്കുമ്പോള്‍ ഫോണ്‍ കോള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. ബിഗ് ടിക്കറ്റിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴി കമ്മു കുട്ടിക്ക് സമ്മാനം ലഭിച്ചകാര്യം പ്രഖ്യാപിച്ചിട്ടുമുണ്ട്. പക്ഷേ, ഇതേവരെ ഇദ്ദേഹം സമ്മാനത്തിന് അവകാശ വാദം ഉന്നയിച്ച് എത്തിയിട്ടില്ല.
ശ്രീധരന്‍ പിള്ള അജിത് എന്നയാള്‍ക്ക് ബിഗ് ടിക്കറ്റിന്റെ രണ്ടര ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചിരുന്നു. പക്ഷേ, ഇദ്ദേഹവും ഇതേവരെ സമ്മാനത്തുക വാങ്ങിക്കാന്‍ എത്തിയിട്ടില്ല.
ടിക്കറ്റ് വാങ്ങുമ്പോള്‍ നല്‍കിയ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിട്ടാണ് കാണുന്നത്.
സെക്കന്‍ഡ് ചാന്‍സ് എന്ന പാക്കേജിലാണ് അജിതിന് സമ്മാനം ലഭിച്ചത്. ആദ്യം എടുത്തവര്‍ക്ക് ഒരിക്കല്‍ കൂടി സമ്മാനം ലഭിക്കുന്നതിനുള്ള അവസരമാണ് ഇത് നല്‍കുന്നത്.
ഇദ്ദേഹം യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് പോയിരിക്കാമെന്നാണ് സംഘാടകര്‍ കരുതുന്നത്. ടിക്കറ്റ് വാങ്ങുമ്പോള്‍ നല്‍കിയിട്ടുള്ള ഇ മെയിലിലും സന്ദേശം അയച്ചെങ്കിലും മറുപടി ലഭിക്കുന്നില്ല. എല്ലാ ദിവസവും ഇദ്ദേഹത്തിന്റെ നമ്പരിലേക്ക് വിളിക്കുന്നുണ്ടെന്നും മെയില്‍ അയയ്ക്കുന്നുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.












