രാഷ്ട്രീയ നിരീക്ഷകന്‍
ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അംഗമായതിന്റെ സുവര്‍ണ്ണ ജൂബിലി മഹാസംഭവം ആക്കുന്നതിന്റെ തിരക്കിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ മാധ്യമങ്ങള്‍. അച്ചടി-ദൃശ്യമാധ്യമങ്ങള്‍ നിറയെ ചാണ്ടിയുടെ സങ്കീര്‍ത്തനങ്ങളാണ്. തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ചില സവിശേഷമായ മത-സാമുദായിക ഫോര്‍മുലയുടെ ഗുണഭോക്താവ് എന്നതിനപ്പുറം ഒരാള്‍ 50 കൊല്ലം എംഎല്‍എ ആയി ഇരിക്കുന്നതില്‍ ഇത്രയധികം ആഘോഷിക്കുവാന്‍ എന്താണുള്ളത്? ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന ഉത്സാഹ കമ്മിറ്റിക്കാരെ സംബന്ധിച്ചിടത്തോളം അങ്ങനെയുള്ള ചോദ്യം തീരെ പ്രസക്തമല്ല. പക്ഷേ സുവര്‍ണ്ണ ജൂബിലിയ്‌ക്കെത്തിയ എംഎല്‍എമാരെയും അവരുടെ ശേവുകക്കാരായി വിലസുന്ന ആഘോഷ കമ്മിറ്റിക്കാരെയും പ്രത്യക്ഷമായും പരോക്ഷമായും തീറ്റിപോറ്റുന്ന നികുതിദായകര്‍ക്ക് പ്രസക്തമായ ചോദ്യം അതു മാത്രമാണ്.
അലോസരപ്പെടുത്തുന്ന അത്തരം തോന്നലുകളെ ഭംഗിയായി എങ്ങനെ മറച്ചുപിടിക്കാമെന്ന ദൗത്യം കൂടിയാണ് ആഘോഷങ്ങളുടെ വര്‍ണ്ണനകള്‍ നിറവേറ്റുന്നത്. അതിന്റെ ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാം. 1970-കളുടെ അവസാനം മുതല്‍ പലതവണ മന്ത്രിയായും, പിന്നീട് മുഖ്യമന്ത്രിയായും നാടുവാണ മഹാനായ നേതാവ് കേരളത്തിന്റെ വികസനത്തിനു വേണ്ടി നടപ്പിലാക്കിയ 5-സുപ്രധാന പദ്ധതികള്‍ ഇന്നിറങ്ങിയ മലയാള മനോരമ (സെപ്തംബര്‍ 17, 2020) പട്ടികയായി കൊടുത്തിട്ടുണ്ട്. കേരളത്തിലെ 5-മുന്‍ ചീഫ് സെക്രട്ടറിമാരാണ് ഈ പദ്ധതികളെ തെരഞ്ഞെടുത്തത്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, മെഡിക്കല്‍ കോളേജുകള്‍, ബൈപാസ് വികസനം- ഇത്രയുമാണ് ‘അസാധ്യം ഒന്നുമില്ല, മുഖ്യം വികസനം’ — എന്ന തലക്കെട്ടില്‍ വിസ്തരിക്കുന്ന പദ്ധതികള്‍. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ യാഥാര്‍ത്ഥ്യമെന്താണ്? പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തികവും, പാരിസ്ഥിതികവുമായ വിഷയങ്ങളെ ഗൗരവപൂര്‍വ്വം വിശകലനം ചെയ്യുന്ന ഒരാളും ഇന്നത്തെ നിലയില്‍ വിഴിഞ്ഞം പദ്ധതി കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിന് ഉതകുമെന്നു കരുതുമെന്നു തോന്നുന്നില്ല.
മൊത്തം ചെലവിന്റെ 57-ശതമാനം സംസ്ഥാന സര്‍ക്കാരും, 11-ശതമാനം കേന്ദ്രസര്‍ക്കാരും 32-ശതമാനം മാത്രം സ്വകാര്യ പങ്കാളിയായ അദാനി ഗ്രൂപ്പും വഹിക്കുന്ന നിലയിലാണ് പദ്ധതിയുടെ സാമ്പത്തികഘടന വിഭാവന ചെയ്്തിട്ടുള്ളത്. അതായത് പദ്ധതിക്കു വേണ്ട മൊത്തം മുടക്കുമുതലിന്റെ 68-ശതമാനവും സര്‍ക്കാര്‍ വഹിക്കുകയും ബാക്കി 32-ശതമാനം വഹിക്കുന്ന സ്വകാര്യ പങ്കാളിയെ കണ്ടെത്തിയതിനുള്ള കരുനീക്കങ്ങള്‍ നടത്തിയാണ് ശ്രീ ചാണ്ടിയുടെ നേട്ടമായി വാഴ്ത്തി പാടുന്നത്. ഇത്രധികം വാഴ്ത്തപ്പെടേണ്ട ഒന്നാണോ പ്രസ്തുത നേട്ടമെന്ന കാര്യം വായനക്കാരുടെ യുക്തിക്ക് വിടുന്നു. പദ്ധതി മൂലമുണ്ടാവുന്ന പരിസ്ഥിതി വിനാശത്തിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ ഗഹനമായ പരിഗണന അര്‍ഹിക്കുന്നതിനാല്‍ വിശദീകരിക്കുന്നില്ല. തിരുവനന്തപുരം ശംഖുമുഖം മേഖലയിലെ കടല്‍കയറ്റം തുറമുഖ പദ്ധതിയുടെ പ്രത്യാഘാതമാണെന്ന ആക്ഷേപങ്ങള്‍ ഇപ്പോള്‍ തന്നെ വളരെ സജീവമാണ്. അതിന്റെ നിജസ്ഥിതി എന്താണെന്ന വിഷയം ഗൗരവമായ പഠനം ആവശ്യപ്പെടുന്നു. ചാണ്ടിയുടെ നേട്ടങ്ങളിലെ അടുത്ത പദ്ധതിയായ കൊച്ചി മെട്രോയുടെ സാമ്പത്തിക ആരോഗ്യവും കൂലങ്കുഷമായ വിശകലനം അര്‍ഹിക്കുന്നു. പട്ടികയിലെ അവസാനത്തെ ഇനങ്ങളായ മെഡിക്കല്‍ കോളേജുകളും, ബൈപാസും കണ്ണൂര്‍ വിമാനത്താവളവുമെല്ലാം ഇതുപോലെ പരിശോധന അര്‍ഹിക്കുന്നു. ഈ പദ്ധതികളുടെ ഉപജ്ഞാതാവ് ശ്രീ. ചാണ്ടിയാണെന്നു ആരും അവകാശപ്പെടുന്നില്ല എന്നതാണ് ഈ വര്‍ണ്ണനയിലെ ഏക ആശ്വാസം. കാലങ്ങളായി കുരുക്കില്‍ പെട്ടുപോയ പദ്ധതികളുടെ കുരുക്കഴിക്കുന്ന കര്‍മമാണ് അദ്ദേഹം നിര്‍വഹിച്ചത്.
എന്താണ് ഈ കുരുക്കുകള്‍?
യഥാസമയം ലഭിക്കേണ്ട ഭരണപരമായ അനുമതി ലഭിക്കാതിരിക്കുക എന്നതാണ് കുരുക്ക് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ ആരാണ് ഈ കരുക്കിന്റെ ഉത്തരവാദികള്‍. ചാണ്ടിയും അദ്ദേഹത്തെപ്പോലെയുള്ള രാഷ്ട്രീയക്കാരും, അവരുടെ നേട്ടങ്ങള്‍ ഇപ്പോള്‍ വാഴ്ത്തിപ്പാടുന്ന ഈ ചീഫ് സെക്രട്ടറിമാരുടെ സംഘങ്ങളും അല്ലേ ഈ കുരുക്കുകളുടെ യഥാര്‍ത്ത കാരണക്കാര്‍. കാരണം ഭരണത്തിന്റെ ചുക്കാന്‍ എപ്പോഴും ഈ വര്‍ഗത്തിന്റെ കൈകളില്‍ ആയിരുന്നല്ലോ. സ്വന്തമായി പേറ്റന്റുള്ള അല്ലെങ്കില്‍ അവകാശപ്പെടാന്‍ കഴിയുന്ന മൗലികമായ ഒരു വികസന സങ്കല്‍പ്പവും ഇല്ലാത്ത ഒരാളെ വികസനത്തിന്റെ സൂപ്പര്‍താരമായി അവരോധിക്കുന്നതിനുള്ള ഞാണിന്മേല്‍ കളിയാണ് ‘അസാധ്യം ഒന്നുമില്ല, മുഖ്യം വികസനം’ എന്ന പട്ടികയില്‍ നിന്നും വായിച്ചെടുക്കാനാവുക.
ആസൂത്രിതമായ നിലയില്‍ അരങ്ങേറുന്ന ഈ വര്‍ണ്ണനകളുടെ ആഘോഷങ്ങള്‍ കഴിഞ്ഞാല്‍ എന്തായിരിക്കും ബാക്കിയാവുക. രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്വപ്നങ്ങള്‍ എങ്ങനെ ദുസ്വപ്നങ്ങളായി എന്നുള്ള സിദ്ധാന്തങ്ങള്‍ ഇതിനകം തന്നെ വന്നു കഴിഞ്ഞു. സുവര്‍ണ്ണ ജൂബിലി കഴിഞ്ഞ ചാണ്ടിയുടെ വരവോടെ ‘എ’ ഗ്രൂപ്പ് സ്വന്തം ശക്തി തരിച്ചറിഞ്ഞുവെന്നും, അതിനെ മറികടക്കുന്നതിനു വേണ്ടി ചെന്നിത്തല പയറ്റുന്ന മറുതന്ത്രങ്ങളുടെയും ഉദ്വേഗജനകമായ വിവരണങ്ങള്‍ വരാനിരിക്കുന്ന നാളുകളില്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം.