ലോകാരോഗ്യ സംഘടന ലിസ്റ്റ് ചെയ്ത ആദ്യ കോവിഡ്-19 വാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ യു.എ.ഇ ആരംഭിച്ചു. അബുദാബി ആരോഗ്യവകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദ് പരീക്ഷണത്തിലെ ആദ്യ പങ്കാളിയായി. അദ്ദേഹത്തിനു ശേഷം ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി ഡോ.ജമാല്‍ അല്‍ കാബിയും പരീക്ഷണത്തിന്‍റെ ഭാഗമായി. തുടര്‍ന്ന് കൊവിഡ് വാക്‌സിന്‍ പരീക്ഷണ ഘട്ടത്തില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തുന്നതിനായി വെബ്‌സൈറ്റ് പുറത്തിറക്കി. അബുദാബി മീഡിയ ഓഫീസാണ് ഈ വിവരം പുറത്തുവിട്ടത്.
കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്‍റെ മൂന്നാം ഘട്ട പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് www.4humanity.ae എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.
ഇതിനായി മുമ്പോട്ടെത്തുന്നവര്‍ പേരും ബന്ധപ്പെടേണ്ട നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും നല്‍കി വേണം രജിസ്ട്രേഷന്‍ നടത്താന്‍. ക്ലിനിക്കല്‍ ട്രയലിന്‍റെ ഭാഗമാകുന്നവര്‍ നിര്‍ബന്ധമായും അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരായിരിക്കണം. ഇവിടങ്ങളിലെ സ്വദേശികള്‍ക്കും താമസക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. 18നും 60നും ഇടയില്‍ പ്രായമുള്ളവരെയാണ് ട്രയലിലേക്ക് തെരഞ്ഞെടുക്കുക. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമാവും യോഗ്യരായ വ്യക്തികളെ കണ്ടെത്തുന്നത്. പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ 02 819 1111 എന്ന പ്രത്യേക ഹോട്ട്‍ലൈന്‍ നമ്പറും സജ്ജീകരിച്ചിട്ടുണ്ട്.
പരീക്ഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ 5,000 സന്നദ്ധ പ്രവര്‍ത്തകരെയാണ് ആവശ്യമെന്ന് അധികൃതര്‍ അറിയിച്ചു.ആരോഗ്യ വകുപ്പിന്‍റെയും ആരോഗ്യ മന്ത്രാലയത്തിന്‍റെയും കീഴില്‍ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി 42 ഹെല്‍ത്ത് കെയറും തന്നില്‍ സഹകരിച്ചാണ് പരീക്ഷണം നടത്തുന്നത്.
ലോകത്തിലെ ആറാമത്തെ പ്രമുഖ വാക്സിന്‍ നിര്‍മ്മാതാക്കളാണ് സിനോഫാം സി.എന്‍.ബി.ജി.കൊവിഡ് 19 മഹാമാരിക്കെതിരായ വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി നേരത്തെ യുഎഇ അറിയിച്ചിരുന്നു.അബുദാബിയില്‍ ഉത്‍പാദനം നടത്തുന്നതിലൂടെ ,യു.എ.ഇ നിവാസികള്‍ക്ക വാക്സിന്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് യു,എ,ഇ നേതൃത്വം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി യു,എ.ഇ യില്‍ കോവിഡ് മരണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടില്ല. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരെക്കാള്‍ കൂടുതല്‍പേര്‍ രോഗമുക്തി നേടുന്നതും രാജ്യത്തിന് ആശ്വാസമാകുന്നുണ്ട്.












