തിരുവനന്തപുരം: അഭയ കേസുമായി ബന്ധപ്പെട്ട് റിട്ട.എസ്.പി കെ.ടി മൈക്കിളിനെതിരെ നടപടിയെടുക്കാന്‍ കോടതിയുടെ ശുപാര്‍ശ. കേസന്വേഷണത്തിനിടെ അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന മൈക്കിള്‍ തെളിവുകള്‍ നശിപ്പിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാന പോലീസ് മേധാവിയോട് നടപടിയെടുക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
തെളിവ് നശിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന മൈക്കിള്‍ ശ്രമിച്ചതായി കോടതി കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട സമയത്ത് സിസ്റ്റര്‍ അഭയ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, സ്വകാര്യ ഡയറി, എന്നിവ സി.ബി.ഐക്ക് കെ.ടി.മൈക്കിള്‍ കൈമാറിയിരുന്നില്ല. ഇവ നശിപ്പിക്കുകയും ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ്, ആര്‍.ഡി.ഒ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന തൊണ്ടിമുതലുകളാണ് മൈക്കിളിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി കെ.സാമുവല്‍ ഏറ്റുവാങ്ങിയത് പിന്നീട് ഇവ സി.ബി.ഐക്ക് കൈമാറിയില്ല.
അഭയ വിഷാദ രോഗം കാരണം ആത്മഹത്യ ചെയ്‌തെന്നായിരുന്നു മൈക്കിളിന്റെ കണ്ടെത്തല്‍. 90 ശതമാനവും അഭയയുടേത് ആത്മഹത്യയാണ്, പോലീസ് നായയെയോ വിരലടയാള വിദഗ്ധനെയോ കൊണ്ടുവരാതെ തന്നെ നിഗമനത്തിലെത്താനാകും. യാതൊരു ബലപ്രയോഗവും നടന്നിട്ടില്ലെന്നും അന്ന് മൈക്കിള്‍ പറഞ്ഞിരുന്നു.











