തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രസ്താവിക്കും. തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികളായ ഫാ.തോമസ് കോട്ടര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് ശിക്ഷ വിധിക്കുക. 28 വര്‍ഷങ്ങളുടെ നിയമ പോരാട്ടങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് പ്രതികള്‍ കുറ്റാക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി വിധി പ്രസ്താവിച്ചത്.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. അഭയക്കേസിലെ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിനെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. മറ്റൊരു പ്രതിയായ സിസ്റ്റര്‍ സെഫിക്കെതിരെ കൊലപാതകവും തെളിവു നശിപ്പിക്കലുമാണ് തെളിഞ്ഞത്.
വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരെയും ജയിലിലേക്ക് മാറ്റിയിരുന്നു. കോട്ടൂരിനെ പൂജപ്പുരയിലും സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കുമാണ് ഇന്നലെ വൈകീട്ടോടെ മാറ്റിയത്. ഇന്ന് പതിനൊന്നു മണിയോടെ പ്രതികളെ വീണ്ടും കോടതിയിലേക്ക് കൊണ്ടുവരും.











