അബൂദബി: കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണത്തില്‍ യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പങ്കാളിയായി.സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള വഴിയാണ് കൊറോണ വാക്സിനേഷനെന്ന് ആദ്യ ഡോസ് സ്വീകരിച്ച ശേഷം മന്ത്രി ട്വീറ്റ് ചെയ്തു.
التطعيم عن كورونا طريقنا للعودة للحياة الطبيعية #تم_التطعيم pic.twitter.com/nl5uZSs3cI
— عبدالله بن زايد (@ABZayed) October 16, 2020
ചൈനയുടെ മൂന്നാം ഘട്ട വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ യു.എ.ഇയില്‍ 31,000 സന്നദ്ധപ്രവര്‍ത്തകര്‍ ഇതിനകം പങ്കെടുത്തു. ഒന്നും രണ്ടും ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വാക്സിന്‍ സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ട് . പങ്കെടുത്തവരില്‍ 80 വയസ്സ് വരെ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കുമെന്ന് ‘ദി ലാന്‍സെറ്റ് ഇന്‍ഫെക്ഷിയസ് ഡിസീസസ്’ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കിയിരുന്നു.
അബൂദബി എക്‌സിക്യൂട്ടിവ് ഓഫിസ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആല്‍ നഹ്യാന്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരും മുതിര്‍ന്ന ഉദ്യോഗസ്ഥരും നേരത്തെ വാക്‌സിന്‍ എടുത്തിരുന്നു. യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രി അബ്ദുല്‍റഹ്മാന്‍ അല്‍ ഒവൈസ് കഴിഞ്ഞ മാസമാണ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായത്.അടിയന്തര കേസുകളില്‍ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ ഒബയ്ദ് അല്‍ ഷംസിയും വാക്‌സിന്‍ പരീക്ഷിച്ചു.


















