കാസര്‍കോട്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍റഹ്‌മാന്റെ ബന്ധുക്കളെ മുഖ്യമന്ത്രി കണ്ടു. ഔഫിന്റെ അമ്മാവന്‍ ഹുസൈന്‍ മൗലവിയും മറ്റു ബന്ധുക്കളും മുഖ്യമന്ത്രി പിണറായി വിജയനുമായി പടന്നക്കാട് വെച്ച് കൂടിക്കാഴ്ച നടത്തി.
കുടുംബത്തിന്റെ ദുരവസ്ഥ മുഖ്യമന്ത്രിയെ ബോധിപ്പിച്ചെന്ന് ഔഫിന്റെ അമ്മാവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗാമായാണ് അദ്ദേഹം കാസര്‍കോട് എത്തിയത്. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കരുണാകരന്‍, ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍ എന്നിവരും ഇവിടെയുണ്ടായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ഔഫിന്റെ കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിലാണ്. ഇന്ന് രാവിലെ മന്ത്രി കെടി ജലീല്‍ ഔഫിന്റെ വീട്ടിലെത്തിയിരുന്നു. എഎന്‍ ഷംസീര്‍ എംഎല്‍എ, മുന്‍ മന്ത്രി പികെ ശ്രീമതി ടീച്ചര്‍, തുടങ്ങി നിരവധി പ്രമുഖരാണ് ഇതുവരെ ഔഫിന്റെ വീട് സന്ദര്‍ശിച്ചത്.
ഇന്ന് മുസ്ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങളും സംഘവും ഔഫിന്റെ വീട്ടിലെത്തിയിരുന്നുവെങ്കിലും സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. മുനവ്വറലി ശിഹാബ് തങ്ങളെയും ഡ്രൈവറെയും മാത്രമാണ് ഔഫിന്റെ വീട്ടിലേക്ക് പോകാന്‍ അനുവദിച്ചത്. മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളെ കടത്തിവിട്ടിരുന്നില്ല. കൊലപാതകം പ്രദേശത്ത് മുസ്ലിം ലീഗിനെതിരെ കടുത്ത എതിര്‍പ്പുയരാന്‍ കാരണമായിട്ടുണ്ട്















