രക്ഷകനായി എ ബി ഡിവില്ലിയേഴ്സ് വീണ്ടും അവതരിച്ചപ്പോൾ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് മിന്നും ജയം. ഐ പി എല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ബാംഗ്ലൂർ ഏഴ് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസിനെ കീഴടക്കിയത്. സിക്സറുകളുമായി ഡിവില്ലിയേഴ്സ് കത്തിക്കയറിയപ്പോൾ രാജസ്ഥാൻ ബൗളർമാർക്ക് മറുപടിയുണ്ടായില്ല.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 57(36), റോബിൻ ഉത്തപ്പ 41( 22) എന്നിവരുടെ മികവിലാണ് മികച്ച സ്കോറിൽ എത്തിയത്. മലയാളി താരം സഞ്ജു സാംസൺ ഒരിക്കൽ കൂടി പരാജയമായി. ബാംഗ്ലൂരിനായി മോറിസ് നാലും ചഹാൽ രണ്ടും വിക്കറ്റ് വീഴ്ത്തി.
178 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിനായി ദേവദത്ത് പടിക്കൽ 35(37), ക്യാപ്റ്റൻ കോഹ്ലി 43(32) എന്നിവർ പൊരുതി. ഇരുവരും പുറത്തായ ശേഷം സ്കോറിംഗിന് വേഗം കുറഞ്ഞെങ്കിലും മിന്നുന്ന ഫോമിലുള്ള എ ബി ഡിവില്ലിയേഴ്സിലായിരുന്നു ബാംഗ്ലൂരിൻ്റെ പ്രതീക്ഷയത്രയും. പ്രതീക്ഷ തെറ്റിയില്ല! എ ബി ഡിയുടെ മറ്റൊരു മാസ്മരിക പ്രകടനമാണ് പിന്നീട് കണ്ടത്.
19-ാം ഓവറാണ് കളി മാറ്റിമറിച്ചത്. എ ബി ഡിയുടെ മൂന്ന് സിക്സറുകൾ ഉൾപ്പെടെ 25 റൺസ് ഉനദ്കട്ട് എറിഞ്ഞ ഓവറിൽ പിറന്നു. അവസാനഓവറിലെ നാലാം പന്തിൽ ജോഫ്ര ആർച്ചറെ സിക്സറിന് തൂക്കി ഡിവില്ലിയേഴ്സ് തന്നെ വിജയ റണ്ണും നേടി. 22 ബോളിൽ 55 റൺസുമായി ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നു.