കൊല്ലം ജില്ലയില്‍ പൊലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി എന്നറിയപ്പെടുന്ന ആന്റണി വര്‍ഗ്ഗീസിന്റെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവെച്ചു. കൊല്ലം ജില്ലാ സെഷന്‍സ് കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് എതിരെ ആട് ആന്റണി നല്‍കിയ അപ്പീലില്‍ ആണ് ജസ്റ്റിസ് ഹരിപ്രസാദ്, ജസ്റ്റിസ് എം ആര്‍ അനിത എന്നിവരുടെ ഉത്തരവ്.
2012 ജൂണ്‍ 12നാണ് പാരിപ്പള്ളി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായിരുന്ന മണിയന്‍പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്. വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ഒക്ടോബര്‍ 13നാണ് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തു വച്ച് പൊലീസ് പിടികൂടിയത്. കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി പ്രോസിക്യൂഷന്‍ ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി ചെയ്തിരിക്കുന്നുവെന്നാണ് കോടതി കണ്ടെത്തിയിരുന്നു.