ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ ഭിന്നാഭിപ്രായം. പാര്‍ലമെന്റ് മാര്‍ച്ച് ഒന്നിന് നടത്തരുതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. ഇനി പ്രകോപനമുണ്ടായാല്‍ അത് സമരത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് ഇവര്‍ പറയുന്നത്. ഇന്ന് ചേരുന്ന സംഘടനാ യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.
അതേസമയം ഇന്നലെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 124 പോലീസുകാര്‍ക്ക് പരിക്കേറ്റെന്നും പോലീസ് പറയുന്നു. രാജ്യ തലസ്ഥാനത്ത് ചെങ്കോട്ട ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ സുരക്ഷ സന്നാഹം കൂട്ടി. കൂടുതല്‍ അര്‍ദ്ധസൈനിക വിഭാഗത്തെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.
ചെങ്കോട്ടയില്‍ നടന്ന അതിക്രമത്തില്‍ കര്‍ഷക സംഘടനകള്‍ക്ക് പങ്കില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ആക്രമണം നടത്തിയത് ബാഹ്യശക്തികളും സാമൂഹ്യവിരുദ്ധരുമാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ദീപ് സിദ്ദുവടക്കമുള്ള പുറത്ത് നിന്നുള്ളവരുടെ ഇടപെടലിലേക്കാണ് സംയുക്ത സമരസമിതി വിരല്‍ ചൂണ്ടുന്നത്.