അബുദാബി: വാഹനത്തിന്റെ മുന്‍ സീറ്റില്‍ പത്ത് വയസ്സിന് താഴെയുളള കുട്ടികളെ ഇരുത്തി യാത്ര ചെയ്താല്‍ 5400 ദിര്‍ഹം പിഴ അടയ്‌ക്കേണ്ടി വരുമെന്ന് അബുദാബി പോലീസ്. പത്ത് വയസ്സിന് താഴെയുളള കുട്ടികളെ വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്നതിനെതിരെ നേരത്തെ അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമലംഘനം നടത്തുന്ന ഡ്രൈവര്‍ക്ക് 400 ദിര്‍ഹമാണ് പിഴ. എന്നാല്‍ നിയമലംഘനത്തിന് പോലീസ് കണ്ടുകെട്ടുന്ന വാഹനം മോചിപ്പിക്കുന്നതിന് 5000 ദിര്‍ഹം അധിക പിഴ നല്‍കണം.
നിയമലംഘനം കണ്ടെത്തിയ വാഹനങ്ങള്‍ ഉടന്‍ പിടികൂടുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. റിലീസ് ഫീസ് അടക്കുന്നതുവരെ വാഹനം പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കും. പരമാവധി മൂന്ന് മാസത്തിന് ശേഷം വാഹനം ഉടമ ക്ലെയിം ചെയ്തില്ലെങ്കില്‍ ലേലം ചെയ്യുമെന്നും പോലീസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അബുദാബിയില്‍ നടപ്പാക്കിയ പുതിയ ട്രാഫിക് നിയമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്നും പോലീസ് വ്യക്തമാക്കി.












