ധാക്ക: 2024ലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്ന കേസിൽ ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ധാക്കയിലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ് (ICT-BD) ആണ് മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്ന് ശിക്ഷ പ്രഖ്യാപിച്ചത്.
2024 ജൂലൈ–ആഗസ്റ്റ് മാസങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കൊലപാതകങ്ങൾ, അതിക്രമങ്ങൾ, അമിത പൊലീസാക്രമണങ്ങൾ തുടങ്ങിയ അഞ്ച് കുറ്റങ്ങളിലാണ് ഹസീനക്കെതിരായ വിചാരണ നടന്നത്. പ്രതിയുടെ അഭാവത്തിലും വിചാരണ പുരോഗമിച്ചു. നിലവിൽ ശൈഖ് ഹസീന ഇന്ത്യയിലാണ് താമസം.
പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ 8,747 പേജുകളിലധികം രേഖകളും ഇരകളുടെ വിവരങ്ങളും ഉൾക്കൊണ്ടിരുന്നു. കൊലപാതകങ്ങളും അക്രമങ്ങളും തടയാൻ ശ്രമിക്കാതിരുന്നതും, ചിലപ്പോൾ പ്രോത്സാഹനം നൽകിയതുമാണ് ട്രൈബ്യൂണൽ നിർണായകമായി ചൂണ്ടിക്കാട്ടിയത്.
ഹസീനക്കെതിരായ പ്രധാന അഞ്ച് കുറ്റങ്ങൾ
-
2024 ജൂലൈ 14: ഹസീന നടത്തിയ പ്രസ്താവനകൾ വിദ്യാർത്ഥികളെയും സാധാരണ ജനങ്ങളെയും ലക്ഷ്യമാക്കിയ ആക്രമണങ്ങൾക്ക് നിയമപാലകരെയും പാർട്ടി പ്രവർത്തകരെയും പ്രേരിപ്പിച്ചു.
-
പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഹെലികോപ്റ്ററുകളും ഡ്രോൺസും ഉപയോഗിക്കാൻ നിർദ്ദേശിക്കുകയും അതിന്ós സൗകര്യമൊരുക്കുകയും ചെയ്തു.
-
രംഗ്പൂരിൽ അബു സയീദിന്റെ കൊലപാതകത്തിനും, 2024 ജൂലൈ 16ന് ബീഗം റൊഖയ്യ സർവകലാശാലയ്ക്ക് മുന്നിൽ വിദ്യാർത്ഥിയെ വെടിവെച്ച് കൊന്നതിനും ഉത്തരവാദി.
-
2024 ഓഗസ്റ്റ് 5: ധാക്കയിൽ ആറ് വിദ്യാർത്ഥികളെ വെടിവെച്ച് കൊന്ന ഓപ്പറേഷൻ അനുവദിക്കുകയും ഏകോപിപ്പിക്കുകയും ചെയ്തു.
-
അഷുലിയയിൽ ആറ് പേരെ വെടിവെച്ച് കൊന്ന് ശരീരങ്ങൾ കത്തിച്ചതിലും, ഒരാളെ ജീവനോടെ കത്തിച്ചതിലും ഉത്തരവാദിത്വം.
1400ലധികം പേർ കൊല്ലപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഹസീനയ്ക്ക് വധശിക്ഷ ആവശ്യപ്പെട്ടതാണ് പ്രോസിക്യൂഷൻ. വിധി പ്രഖ്യാപനത്തെ തുടർന്ന് ധാക്കയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. അക്രമ സാധ്യതകൾ കണക്കിലെടുത്ത് ‘കണ്ടാൽ വെടിവെക്കുക’ എന്ന ഉത്തരവും നൽകി.
അവാമി ലീഗ് പ്രതിഷേധമായി രണ്ട് ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.









