ഇന്നു മുതൽ കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള പ്രവാസി മടക്കം ആരംഭിക്കും. കോവിഡ് മൂലം ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം കേരളത്തിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ കാത്തിരുന്ന പതിനായിരങ്ങളാണു യാത്ര തിരിക്കുക. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തു നിന്നും ദുബായിലേക്കും കോഴിക്കോട് നിന്ന് ഷാർജയിലേക്കുമാണ് ഇന്നത്തെ വിമാനങ്ങൾ.
വന്ദേഭാരത് മിഷൻ പ്രകാരം നടത്തുന്ന ഈ സർവീസുകളിൽ ആദ്യ ദിനം തന്നെ ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയിരുന്നു. ഇതു മൂലം ടിക്കറ്റിനു വൻ നിരക്കാണ് ഈടാക്കിയതും. അതേസമയം യുഎഇ എയർലൈനുകൾ പ്രഖ്യാപിച്ച സർവീസുകളിൽ ഏകദേശം പകുതി നിരക്കിൽ ടിക്കറ്റ് ലഭ്യമായിട്ടുണ്ട്. 26 വരെയാണ് മടക്കയാത്രയുടെ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ വിമാനക്കമ്പനികൾക്കു പുറമെ യുഎഇ വിമാനക്കമ്പനികൾക്കും യാത്രക്കാരെ കൊണ്ടുവരാൻ അനുമതിയുണ്ട്. മുൻപ് എയർ ഇന്ത്യ എക്സ്പ്രസിന് മാത്രമാണ് അനുമതി.
യുഎഇ വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി നേടിയവർക്കു മാത്രമേ വരാനാകൂ. യാത്രയ്ക്കു 96 മണിക്കൂർ മുൻപ് പിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. തിരിച്ചുവരുമ്പോൾ യാത്രാ, ആരോഗ്യവിവരങ്ങൾ പൂരിപ്പിച്ചു നൽകണം. ദുബായിലേക്കു വരുന്നവർ ദുബായ് സ്മാർട്ട് ആപ്പും ഇതര എമിറേറ്റിലേക്ക് പോകുന്നത് അൽഹൊസൻ ആപ്പും ഡൗൺലോഡ് ചെയ്യണം. സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്‍റീനിൽ കഴിയാമെന്ന സമ്മതപത്രവും നൽകണം.