ദുബായ് ∙ അബുദാബിയിലെയും ദുബായിലെയും പ്രധാന മാളുകളിൽ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബിസിനസ് ഹബുകളിലും ടിക്കറ്റില്ലാതെ തടസ്സമില്ലാതെ പ്രവർത്തിക്കുന്ന പാർക്കിങ് സംവിധാനം നടപ്പിലാക്കി. സാലിക് PJSCയുമായി സഹകരിച്ചാണ് ‘പാർക്കോണിക്’ സംവിധാനം ആരംഭിച്ചത്.
അബുദാബിയിലെ അൽ വഹ്ദ മാളിലും ദൽമ മാളിലും ഈ മാസം 18 മുതൽ പണമടച്ചുള്ള പാർക്കിങ് ആരംഭിക്കും. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാൻ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ദൽമ മാളിൽ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ ആദ്യ മൂന്ന് മണിക്കൂർ സൗജന്യമാണ്. അതിന് ശേഷമുള്ള ഓരോ മണിക്കൂറിനും 10 ദിർഹം വീതം ഈടാക്കും. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും. പണമടയ്ക്കുന്നത് സാലിക് അക്കൗണ്ടിലൂടെ ആയിരിക്കും.
അൽ വഹ്ദ മാളിൽ സാലിക് വഴി പണമടയ്ക്കാനുള്ള സംവിധാനം നിലവിലില്ല. പകരം, പാർക്കോണിക് ആപ്പ്, വെബ്സൈറ്റ്, അല്ലെങ്കിൽ മാളിലെ പേയ്‌മെന്റ് കിയോസ്കുകൾ വഴിയാണ് പണമടയ്ക്കേണ്ടത്.
ദുബായിലെ പാം ജുമൈറയിലെ ഗോൾഡൻ മൈൽ ഗാലേറിയ, ജബൽ അലി ടൗൺ മാൾ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, ദുബായ് സ്‌പോർട്സ് സിറ്റി, പാം മോണോറെയിൽ തുടങ്ങിയിടങ്ങളിലും ഈ സംവിധാനം നിലവിലുണ്ട്. മണിക്കൂറിന് 10 ദിർഹമാണ് ചാർജ്. ദുബായ് ഗോൾഡ് സെന്ററിലെ ചില കെട്ടിടങ്ങളിലും പാർക്കോണിക് സംവിധാനം നിലവിൽ വന്നിട്ടുണ്ട്.
വാഹനങ്ങൾ പാർക്ക് ചെയ്യാനും പുറത്തേക്ക് തടസ്സമില്ലാതെ കടക്കാനും ഈ സംവിധാനം സഹായിക്കുന്നു. കഴിഞ്ഞ നവംബറിൽ പാർക്കോണിക് കമ്പനിയുമായി സാലിക് PJSC പങ്കാളിത്ത കരാർ ഒപ്പുവെച്ചിരുന്നു. ഇതിലൂടെ പാർക്കിങ് ചാർജുകൾ നേരിട്ട് വാഹന ഉടമയുടെ സാലിക് അക്കൗണ്ടിൽ നിന്ന് ഈടാക്കുന്ന സംവിധാനമാണ് നിലവിൽ വന്നത്.