ദോഹ ∙ ഖത്തറിലെ തുറമുഖങ്ങളിൽ 2025 ജൂണിൽ ചരക്കുനീക്കത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങൾ ചേർന്ന് ഈ മാസത്തിൽ 1,43,000 ടണ്ണിലധികം ചരക്കുകൾ കൈമാറി, കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് 151% വർധനയാണെന്ന് എംവാനി ഖത്തർ അധികൃതർ അറിയിച്ചു.
നിർമാണ സാമഗ്രികളുടെ കയറ്റുമതിയിലും ഗണ്യമായ വളർച്ചയുണ്ടായി. 2024 ജൂണുമായി താരതമ്യപ്പെടുത്തുമ്പോൾ 14% വർധനയാണിത്.
2025 ജൂണിൽ ഖത്തറിലെ തുറമുഖങ്ങളിൽ മൊത്തം 232 കപ്പലുകൾ എത്തി. ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങളിലൂടെയുള്ള കണ്ടെയ്‌നർ കൈമാറ്റം 1,33,461 ടി.ഇ.യു. (ട്വന്റിഫൂട്ട് ഇക്വിവലന്റ് യൂനിറ്റ്) ആയി.
കണ്ടെയ്‌നറുകൾക്ക് പുറമേ മറ്റ് ചരക്കുകൾ ഇങ്ങനെയായിരുന്നു:
- ജനറൽ, ബൾക്ക് ചരക്ക്: 1,43,101 ടൺ
- റോ-റോ യൂണിറ്റുകൾ: 9,883
- കന്നുകാലികൾ: 15,229
- നിർമ്മാണ സാമഗ്രികൾ: 25,742 ടൺ
വേൾഡ് മറൈൻ എയ്ഡ്സ് ടു നാവിഗേഷൻ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ ഖത്തറിലെ കടൽ ഗതാഗതം അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കാനുള്ള നിലവാരമുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ എംവാനി ഖത്തർ പ്രതിബദ്ധത പ്രകടിപ്പിച്ചു. തീരപ്രദേശങ്ങളിൽ നാവിഗേഷൻ നിരന്തരം നിരീക്ഷിക്കുകയും, സമുദ്ര പാതയുടെ സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
2025 മെയ് മാസത്തിൽ, ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങൾ 294 കപ്പലുകൾ സ്വീകരിച്ചു. അതേസമയം, കണ്ടെയ്‌നർ കൈമാറ്റത്തിൽ 2024 മെയ് മാസത്തെക്കാൾ 16% വർധനയും, ഈ ആറ് മാസത്തിനിടെ മൊത്തം 11% വളർച്ചയും രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആറ് മാസത്തിനുള്ളിൽ മൊത്തം 7,42,000 ടി.ഇ.യു. കണ്ടെയ്‌നർ കൈമാറ്റമാണ് നടന്നത്. ഹമദ് തുറമുഖം ലോകത്തെ 100ൽ അധികം തുറമുഖങ്ങളുമായി കണക്റ്റ് ചെയ്തിട്ടുള്ളത് കൊണ്ടാണ് ഈ മുന്നേറ്റം സാധ്യമായത്. അതുവഴി, സുരക്ഷിതവും സുതാര്യമുമായ ചരക്കു കൈമാറ്റം ഉറപ്പാക്കാൻ ഖത്തർ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.