അബുദാബി: യുഎഇയുടെ വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് ഇറാനിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ചതോടെ തിരിച്ച് മടങ്ങാനാകാതെ യുഎഇയിൽ കുടുങ്ങിയവരുടെ അനധികൃത താമസത്തിനുള്ള പിഴ ഒഴിവാക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.
ഈ ആനുകൂല്യം എല്ലാ തരത്തിലുള്ള വിസാ ഉടമകൾക്കും ബാധകമായിരിക്കും. മാനുഷികതയുടെ അടിസ്ഥാനത്തിൽ എടുത്തതാണിതെന്ന് അധികൃതർ വ്യക്തമാക്കി. പിഴ ഒഴിവാക്കുന്നതിനായി ഐസിപിയുടെ സ്മാർട്ട് സർവീസസ് പ്ലാറ്റ്‌ഫോം മുഖേനയോ അല്ലെങ്കിൽ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴിയോ അപേക്ഷിക്കാവുന്നതാണ്.











