രാജ്യത്തെ കോവിഡ്-19 രോഗസ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. അവലോകന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ, കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍, നിതി ആയോഗ് അംഗം, ക്യാബിനറ്റ് സെക്രട്ടറി, മുതിര്‍ന്ന കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാഹചര്യവും വിവിധ സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പും പ്രധാനമന്ത്രി വിലയിരുത്തി.
പൊതു ഇടങ്ങളില്‍ വ്യക്തിശുചിത്വവും സാമൂഹിക അച്ചടക്കവും പാലിക്കപ്പെടുന്നുണ്ട് എന്നു ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കോവിഡിനെ കുറിച്ചുള്ള ബോധവല്‍ക്കരണം വ്യാപകമായി നടത്തുകയും രോഗബാധ തടയുന്നതിനു തുടര്‍ച്ചയായുള്ള ഊന്നല്‍ നല്‍കുകയും വേണം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇടമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡെല്‍ഹിയില്‍ മഹാവ്യാധി പടരുന്നതു നിയന്ത്രിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങള്‍ നടത്തിവരുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. എന്‍.സി.ആര്‍. മേഖലയിലാകെ രോഗബാധ നിയന്ത്രിക്കുന്നതിനായി മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്നു സമാനമായ സമീപനം കൈക്കൊള്ളണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അഹമ്മദാബാദില്‍ നടപ്പാക്കിയ നിരീക്ഷണവും വീടുകള്‍ കേന്ദ്രീകരിച്ചുള്ള സംരക്ഷണവുമേകുന്ന ‘ധന്വന്തരീരഥ്’ ഉയര്‍ത്തിക്കാട്ടുകയും അതു മറ്റിടങ്ങളില്‍ അനുകരിക്കാവുന്നതാണെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തു. രോഗം ബാധിച്ച സംസ്ഥാനങ്ങള്‍ക്കും വളരെയധികം രോഗബാധ ഉണ്ടാകുന്ന സ്ഥലങ്ങള്‍ക്കും തല്‍സമയ ദേശീയ നിരീക്ഷണ സംവിധാനവും മാര്‍ഗനിര്‍ദേശവും ലഭ്യമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.