മസ്കറ്റ് : ഒമാനിൽ നിക്ഷേപകരെ ലക്ഷ്യമാക്കി പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു. ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപക സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമായതും ആക്കുന്നതിനും വേണ്ടിയുള്ള ആവിഷ്കാരമാണ് ഈ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം.
പബ്ലിക് അതോറിറ്റി ഫോർ സ്‌പെഷൽ ഇക്കണോമിക് സോണുകളും ഫ്രീ സോണുകളും ഒമാൻ തൊഴിൽ മന്ത്രാലയവുമായുള്ള സഹകരണത്തിലൂടെ ഇലക്ട്രോണിക് ഇൻവസ്റ്റർ ലൈസൻസ് ആപ്ലിക്കേഷൻ സേവനമാണ് അവതരിപ്പിച്ചത്.
ഉപയോക്തൃ സൗഹൃദമായ ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ നിക്ഷേപകർക്ക് സ്വന്തം ഇടപാടുകൾ സുഗമമായി കൈകാര്യം ചെയ്യാൻ അവസരമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ലൈസൻസ് അനുവദന പ്രക്രിയയുടെ സമയപരിധി കുറയ്ക്കുന്നതോടൊപ്പം പുതിയ നിക്ഷേപ അവസരങ്ങൾ തുറക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
നിക്ഷേപത്തിനുള്ള അനുമതിപത്രങ്ങൾ വിതരണം ചെയ്യുന്നതിൽ കാര്യക്ഷമത വര്‍ധിപ്പിക്കുകയും, നിക്ഷേപ ആകര്‍ഷണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്‌ടിക്കുകയുമാണ് ലക്ഷ്യം.