വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റിന് പ്രോസിക്യൂഷനിൽ നിന്ന് പരിരക്ഷയില്ലെന്ന് യുഎസ് സുപ്രീം കോടതി. പ്രസിഡൻ്റ് ട്രംപിൻ്റെ സ്വത്തുവിവര രേഖകൾ സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതി പ്രസ്താവന. അതേസമയം സാമ്പത്തിക വിവര രേഖകൾ പുറത്തുവിടുമോയെന്ന് വ്യക്തമല്ലെന്ന് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുമ്പ് വിവരങ്ങൾ പുറത്തുവരുമോയെന്നതിൽ വ്യക്തതയില്ല. സുപ്രീംകോടതി ഉത്തരവ് പ്രകാരം ന്യൂയോർക്ക് സ്റ്റേറ്റ് ഗ്രാൻഡ് ജൂറിക്ക് ട്രംപിന്‍റെ സാമ്പത്തിക രേഖകൾ ആവശ്യപ്പെടാം. അത് കീഴ്‌ക്കോടതിക്ക് കൈമാറുകയുമാകാം.
പ്രസിഡന്റ് എന്ന നിലയിൽ കോൺഗ്രസിൻ്റെയും ന്യൂയോർക്ക് പ്രോസിക്യൂട്ടർമാരുടെയും അന്വേഷണത്തിൽ നിന്ന് നിയമ പരിരക്ഷക്ക് അർഹതയുണ്ടെന്നാണ് ട്രംപിൻ്റെ അവകാശവാദം. പക്ഷേ നിയമ പരിരക്ഷയെന്ന അവകാശവാദത്തെ കോടതി തള്ളി. അതേസമയം സാമ്പത്തിക വിവരങ്ങൾ തേടുന്നതിന് പിന്നിൽ രാഷ്ടീയമാനങ്ങളുണ്ടെന്ന ട്രമ്പിൻ്റെ വാദത്തെ കോടതി കണക്കിലെടുക്കാതിരിക്കില്ലെന്നത് ട്രംപിന് ആശ്വാസമാകുന്നുണ്ടെന്ന് നിയമവൃത്തങ്ങൾ വിലയിരുത്തുന്നു.
ഇതിനിടെ ട്രംപിൻ്റെ സ്വത്തുവിവര രേഖകൾക്കായുള്ള നിയമപോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോകമെന്ന് സ്പീക്കർ നാൻസി ഫെലോസിയുടെ പ്രസ്താവന ശ്രദ്ധേയമായി. ജനങ്ങൾക്ക് വേണ്ടി പ്രസിഡൻ്റിൻ്റെ സ്വത്തുവിവരങ്ങൾ തിരക്കാൻ കോൺഗ്രസിൻ്റെ അധികാരത്തെ സുപ്രീംകോടതി മുഖവിലക്കെടുത്തിട്ടുണ്ടെന്നതിൽ ഹൗസ് ഓഫ് റപ്പസെൻ്റിറ്റീവ് സ്പീക്കർ ഫെലോസി സംതൃപ്തിയ റിയിച്ചു. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രമ്പിൻ്റെ സ്വത്തുവിവരങ്ങൾ പൊതുജന സമക്ഷമെത്തിക്കുകയെന്ന നീക്കം ശക്തിപ്പെടുകയാണ്.