റിയാദ്: മരുന്ന് സുരക്ഷാ മേഖലയിലെ വൈജ്ഞാനിക മുന്നേറ്റത്തിൽ സൗദി അറേബ്യ പുതിയ അധ്യായം എഴുതുന്നു. മരുന്ന് സുരക്ഷയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ പ്രയോഗിക്കുന്നതിൽ സൗദി ലോകത്തെ ആദ്യ രാജ്യമാണെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) ഔദ്യോഗികമായി അറിയിച്ചു.
AI അടിസ്ഥാനമാക്കിയുള്ള നിർണ്ണായക സംവിധാനങ്ങൾ ഇപ്പോൾ വിവിധ സുരക്ഷാ മേഖലകളിൽ പ്രയോഗത്തിലായിട്ടുണ്ട്. മരുന്നുകളുടെ സുരക്ഷയും നിരീക്ഷണവും കൂടുതൽ കാര്യക്ഷമമാക്കുക, വിതരണ ശൃംഖലയിലെ അപകടസാധ്യതകൾ കുറയ്ക്കുക, അടിയന്തിര സാഹചര്യങ്ങളിൽ സമയബന്ധിതമായ ഇടപെടലുകൾ സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളാണ് എഐയുടെ വിനിയോഗത്തിലൂടെ ലക്ഷ്യമിടുന്നത്.
ആരോഗ്യ മേഖലയിലെ അതിവേഗ വളർച്ച AI സാങ്കേതികവിദ്യയുടെ വ്യാപകമായ ഉപയോഗത്തിന് കരുത്തായി. മരുന്ന് മേഖലയിലെ സമഗ്ര പുരോഗതിക്കായി സൗദി അറേബ്യ നിരവധി പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്തു. പ്രാദേശിക മരുന്ന് നിർമ്മാണം ഉത്സാഹിപ്പിക്കുക, നിക്ഷേപ സൗഹൃദ നയങ്ങൾ രൂപപ്പെടുത്തുക, ആധുനിക ഫാക്ടറികളും മെഡിക്കൽ വെയർഹൗസുകളും സ്ഥാപിക്കുക തുടങ്ങിയ നടപടികൾ ഈ മേഖലയിലെ നിലപാട് ശക്തമാക്കുന്നതിലേക്കാണ് നയിക്കുന്നത്.
SFDAയുടെ ഈ നടപടികൾ രാജ്യത്തെ മരുന്ന് സുരക്ഷാ മാനദണ്ഡങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതോടൊപ്പം, മെഡിക്കൽ മേഖലയിൽ സൗദിയെ ഒരു ആഗോള കേന്ദ്രമായി ഉയർത്താൻ സഹായകരമാകുമെന്ന് വിലയിരുത്തുന്നു.