മനാമ: ബഹ്‌റൈനിൽ സ്ത്രീശാക്തീകരണ ശ്രമങ്ങൾ ശക്തമാക്കുന്നുവെന്ന ലക്ഷ്യത്തോടെ ശൂറ കൗൺസിലും സുപ്രീം കൗൺസിൽ ഫോർ വുമൺസും (SCW) തമ്മിൽ പുതിയ സഹകരണ കരാറിൽ ഒപ്പുവെച്ചു. ഭരണഘടനാ, സിവിൽ സ്ഥാപനങ്ങളിലുടനീളം സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതും ജെൻഡർ സമത്വം ഉറപ്പാക്കുന്നതിനുമായാണ് ഈ കരാർ ലക്ഷ്യമിടുന്നത്.
ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹും, SCW ഡെപ്യൂട്ടി ചെയർവുമൺ ഡോ. ശൈഖ മറിയം ബിൻത് ഹസ്സൻ അൽ ഖലീഫയും ആയിരുന്നു കരാറിൽ ഒപ്പുവെച്ചത്. ജെൻഡർ ബാലൻസ് കമ്മിറ്റി ഉൾപ്പെടെ വിവിധ നിയമപരമായ ഘടകങ്ങളിലൂടെ നിലവിലുള്ള സഹകരണത്തിന് നവീന രൂപം നൽകുകയാണ് കരാറിന്റെ മുഖ്യ ലക്ഷ്യം.
സ്ത്രീകളുടെ സാമൂഹിക-ആർത്ഥിക പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നയങ്ങളും നിയമങ്ങളുമാണ് സഹകരണത്തിനിന്റെ അടിസ്ഥാനമെന്ന് അസ്സാലിഹ് വ്യക്തമാക്കി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ദർശനവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദിന്റെ നേതൃത്വം വിലമതിച്ചുകൊണ്ടാണ് ഈ തീരുമാനം എടുക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീശാക്തീകരണം പ്രധാന ലക്ഷ്യം:
ശൈഖ സബീഖ ബിൻത് ഇബ്രാഹീം അൽ ഖലീഫയുടെ നേതൃത്വത്തിൽ നടത്തുന്ന സ്ത്രീശാക്തീകരണ ശ്രമങ്ങൾക്കും SCWവുമായുള്ള സഹകരണത്തിനും അസ്സാലിഹ് പ്രശംസ അർപ്പിച്ചു. വിവിധ പ്രാദേശിക-അന്തർദേശീയ സമ്മേളനങ്ങളിലും ഫോറങ്ങളിലുമുള്ള വനിതാ പ്രതിനിധിത്തം വർദ്ധിപ്പിക്കുന്നതും സമഗ്ര ദേശീയ വികസനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതുമാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ എന്ന് ഡോ. മറിയം ബിൻത് ഹസ്സൻ പറഞ്ഞു.