മസ്കത്ത് : ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളും മറ്റു എക്‌സൈസ് ഉൽപന്നങ്ങളും ഒമാനിൽ ഇനി ഇറക്കുമതി ചെയ്യാൻ അനുവദിക്കില്ല. ജൂൺ 1 മുതൽ ഈ ഉൽപന്നങ്ങളിൽ സ്റ്റാമ്പ് നിർബന്ധമാവും. ഓഗസ്റ്റ് 1 മുതൽ സ്റ്റാമ്പ് ഇല്ലാതെ വിപണിയിൽ വരുന്ന ഉൽപന്നങ്ങൾ പിടിച്ചെടുക്കുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.
എക്‌സൈസ് നികുതി നടത്തിപ്പിൽ കൂടുതൽ സുതാര്യതയും കൃത്യമായ നിയമാനുസൃതതയും ഉറപ്പാക്കുന്നതിനാണ് ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പ് സംവിധാനം (DTS) നിലവിൽ വരുന്നത്. പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി പുതിയ നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്.
ഈ നിയമങ്ങൾക്കുറിച്ച് ബോധവൽക്കരണത്തിനായി മേയ് 18 മുതൽ മുസന്ദം, സൗത്ത് ബാത്തിന, നോർത്ത് ബാത്തിന എന്നീ ഗവർണറേറ്റുകളിൽ മൂന്ന് ദിവസത്തെ വർക്ക്‌ഷോപ്പുകളും ഫീൽഡ് ഇൻസ്പെക്ഷനുകളും കാമ്പെയ്‌നുകളും സംഘടിപ്പിച്ചു.
ഉൽപന്നങ്ങളുടെ പാക്കേജിംഗിൽ സ്റ്റാമ്പ് ഉണ്ടാകുന്നത് വഴി ഉൽപാദനവും നികുതി അടച്ചതും ഉറപ്പാക്കാനാകും. 2019 മധ്യത്തിൽ ഒമാനിൽ എക്‌സൈസ് നികുതി നിയമം നിലവിൽ വന്നതോടെയാണ് സിഗരറ്റ്, പുകയില ഉൽപന്നങ്ങൾ, മദ്യം, കാർബണേറ്റഡ്/എനർജി ഡ്രിങ്കുകൾ തുടങ്ങിയവയ്ക്ക് 50–100% വരെ നികുതി ചുമത്താൻ ആരംഭിച്ചത്.
നിലവിലെ മാറ്റം ഇറക്കുമതിക്കാർക്കും വിതരണക്കാർക്കും കർശന നിർദ്ദേശങ്ങളാണ് നൽകുന്നത്: ഡിജിറ്റൽ സ്റ്റാമ്പ് ഇല്ലെങ്കിൽ ഇറക്കുമതിക്ക് അനുമതി ലഭിക്കില്ല, ഉൽപന്നങ്ങൾ പിടിച്ചെടുക്കും.