മനാമ: 2024ലെ കണക്ക് പ്രകാരം ബഹ്റൈനിലെ ആകെ ജനസംഖ്യ 15,94,654 ആയി ഉയർന്നു. ഇതിൽ 53.4 ശതമാനം ആളുകളും വിദേശികളാണ്. പ്രവാസികളുടെ എണ്ണം 8,48,934 ആയി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023-ൽ ബഹ്റൈൻ ജനസംഖ്യ 15,77,000 ആയിരുന്നു.
വർഷാവർഷം ജനസംഖ്യയിൽ വ്യക്തമായ വളർച്ചയാണ് കണക്ക് വ്യക്തമാക്കുന്നത്. അടുത്തിടെ ഗുദൈബിയ കൊട്ടാരത്തിൽ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ, ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച ജനസംഖ്യ സംബന്ധിച്ച മെമ്മോറാണ്ടം അംഗീകരിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു.
കണക്കനുസരിച്ച്, ബഹ്റൈനിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യൻ വിഭാഗമാണ്, അതും അതിൽ വലിയ ഭാഗം മലയാളികളാണ്. 2024 അവസാനം വരെ ബഹ്റൈനിൽ ഏകദേശം 3,50,000 ഇന്ത്യൻ പൗരന്മാർ താമസിക്കുന്നതായി കണക്ക് ചൂണ്ടിക്കാണിക്കുന്നു. ഇതിൽ മലയാളികൾ ഏകദേശം 1,01,556 പേർ ആയി രേഖപ്പെടുത്തിയിട്ടുണ്ട്.











