തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ മുദ്രയുടെ ദുരുപയോഗവും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ആരോഗ്യ സുരക്ഷ പാലിച്ചാണ് യുഡിഎഫ് സമരം ചെയ്യുന്നത്. സര്‍ക്കാരിനതിരേ സമരം നടത്തുന്ന പ്രതിപക്ഷത്തെ അപമാനിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരുമായി സഹകരിക്കുകയാണ് ഇതുവരെ യുഡിഎഫ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.പ്രവാസികളെ അപമാനിച്ചവര്‍ ഇപ്പോള്‍ മത്സ്യത്തൊഴിലാളികളെയും അപമാനിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
സ്വപ്ന സുരേഷിനെയും മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ജോലി വാങ്ങിയെന്ന് വ്യക്തമായിട്ടും സ്വപ്നയ്ക്കെതിരെ പോലീസ് കേസെടുക്കാത്തതിന്റെ കാരണം ഇതാണെന്നും ചെന്നിത്തല പറഞ്ഞു.
സ്വപ്നയ്ക്കെതിരെ കേസെടുക്കാത്തതു സംസ്ഥാനത്തിന്റെ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്കു കത്തു നല്‍കിയിട്ടുണ്ട്. ഇതിന് അനുസരിച്ചു നടപടികള്‍ ഉണ്ടാവുന്നില്ലെങ്കില്‍ നിയമപരമായ മറ്റു മാര്‍ഗം സ്വീകരിക്കും. തനിക്കു ക്രിമിനല്‍ പശ്ചാത്തലം ഒന്നുമില്ലെന്നാണ് ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സ്വപ്ന പറഞ്ഞിരിക്കുന്നത്. അതിനു സാഹചര്യമൊരുക്കിയത് കേരള പൊലീസ് ആണെന്ന് ചെന്നിത്തല പറഞ്ഞു.
എന്‍ഐഎയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. റോയും കേസ് അന്വേഷിക്കണം. എന്‍ഐഎക്കു ഷെഡ്യൂള്‍ ചെയ്ത കേസുകള്‍ മാത്രമേ അവര്‍ അന്വേഷിക്കൂ. അന്വേഷണത്തില്‍ പ്രതിപക്ഷത്തിനു ചങ്കിടിപ്പില്ല. അതു മുഖ്യമന്ത്രിയുടെ കൂടെയുള്ളവര്‍ക്കാണ്. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സംബന്ധിച്ച് കൃത്യമായ അന്വേഷണം വേണം. തന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.