അബുദാബി : യുഎഇയിൽ ചൂട് വർധിച്ചുകൊണ്ടിരിക്കെ, ഇന്നും (വെള്ളി) നാളെയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഈർപ്പത്തിനും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങളിലായിരിക്കും മേഘങ്ങൾ കൂടുതലായി കാണപ്പെടുക. അബുദാബിയിലെ ചില ഭാഗങ്ങളിൽ താപനില കുറഞ്ഞത് 19 ഡിഗ്രി സെൽഷ്യസിലും ചില പ്രദേശങ്ങളിൽ പരമാവധി 41 ഡിഗ്രി സെൽഷ്യസിലുമാണ് പ്രതീക്ഷിക്കുന്നത്.
വൈകിട്ട് മുതൽ ശനിയാഴ്ച രാവിലെ വരെ തീരദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും ഈർപ്പം കൂടാനാണ് സാധ്യത. അതിനൊപ്പം തന്നെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായും കേന്ദ്രം മുന്നറിയിപ്പ് നൽകി.മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വീശുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് ചില സമയങ്ങളിൽ മണിക്കൂറിൽ 35 കിമീ വരെ ശക്തിപ്പെടാനും സാധ്യതയുണ്ട്. അതേസമയം, അറേബ്യൻ ഗൾഫിൽ കടൽ ഇടയ്ക്കിടെ പ്രക്ഷുബ്ധമാകും. ഒമാൻ കടലിൽ അത്രയ്ക്കും ശക്തിയില്ലാത്ത രീതിയിലായിരിക്കും അലകൾ കാണപ്പെടുക എന്നും അറിയിച്ചു.
