ദമ്മാം: സൗദിയിലെ 25 നഗരങ്ങളില്‍ പൊതുഗതാഗത സമ്പ്രദായം നടപ്പാക്കുമെന്ന് ഗതാഗത മന്ത്രാലയം. അല്‍ ഹസ, അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലും ഉടന്‍ പദ്ധതി നടപ്പാക്കും. പൊതു ഗതാഗത പദ്ധതികളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.നിലവില്‍ രാജ്യത്തെ 16 നഗരങ്ങളാണ് പൊതുഗതാഗത പദ്ധതിക്ക് കീഴിലുള്ളത്. ഇത് 25 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്‌സ് സഹ മന്ത്രി ഡോക്ടര്‍ റുമൈഹ് അല്‍ റുമൈഹ് പറഞ്ഞു. പൊതുഗതാഗത സേവനങ്ങള്‍ ആവശ്യമുള്ള ഏതൊരു നഗരത്തിലും അവ നല്‍കുക എന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ഗതാഗത പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തബൂക്കിലെ പൊതു ബസ് ഗതാഗത പദ്ധതിയുടെ പ്രവര്‍ത്തനം തബൂക്ക് അമീര്‍ പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. അല്‍-ഹസ, അബഹ, ഖാമീസ് മുഷൈത്ത്, മറ്റ് നഗരങ്ങള്‍ എന്നിവിടങ്ങളില്‍ പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
