മസ്‌കത്ത്: ഒമാൻ കനത്ത ചൂടിലേക്ക് നീങ്ങുന്നു. താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ ഏറ്റവും ഉയർന്ന താപനില സുഹാറിലാണ് രേഖപ്പെടുത്തിയത്. 47.1 ഡിഗ്രി സെൽഷ്യസാണ് സുഹാറിൽ രേഖപ്പെടുത്തിയ താപനില. മസ്‌കത്തിലെ താപനില 44.5 ഡിഗ്രി സെൽഷ്യസ് കടന്നിട്ടുണ്ട്. ഹംറാഉദ്ദുറൂഇൽ 45.2 ഉം ഫഹൂദിലും സൂറിലും 44.8 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയ ചൂട്. ബൗഷർ 44.6, സുവൈഖ്, അൽ അവാബി എന്നിവിടങ്ങളിൽ 44.2ഉം ഖസബ്, ഇബ്രി 43.4 നിസ്‌വ 43.2 എന്നിങ്ങനെയുമാണ് അനുഭവപ്പെട്ട ഉയർന്ന താപനില.
ചൂട് കൂടുന്ന പശ്ചാതലത്തിൽ പുറം ജോലികളിൽ ഏർപ്പെടുന്നവർ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. അതേ സമയം ഒമാന്റെ മിക്ക ഭാഗങ്ങളിലും ഇന്ന് മുതൽ വടക്കു-പടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും വരുന്ന ദിവസങ്ങളിലും കാറ്റ് തുടരുമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് പൊടി ഉയരാൻ കാരണമാകുമെന്നും ജാഗ്രതാ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. ഈ ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകുമെന്നും സുൽത്താനേറ്റിന്റെ എല്ലാ തീര പ്രദേശങ്ങളിലും മൂന്ന് മീറ്റർ വരെ തിരമാല ഉയരുമെന്നും മുന്നറിയിപ്പുണ്ട്.










