ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 34-ാമത് പതിപ്പിന് അടുത്ത മാസം എട്ടിന് തുടക്കമാകും. ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ (ഡിഇസിസി) നടക്കുന്ന പുസ്തകോത്സവം മെയ് 17 വരെ നീണ്ടുനിൽക്കും. 43 രാജ്യങ്ങളിൽ നിന്നായി 552 പ്രസാധകർ ഇത്തവണ പുസ്തകമേളയിൽ പങ്കെടുക്കും. വിവിധ വിഷയങ്ങളിലും ഭാഷകളിലുമുള്ള 1,66,000ലധികം പുസ്തകങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഇത്തവണത്തെ അതിഥി രാജ്യം ഫലസ്തീനാണ്. ഫലസ്തീനിൽ നിന്ന് 11 പ്രസാധകർ പുസ്തകങ്ങളുമായി ദോഹയിലെത്തും.
പുസ്തക പ്രദർശനത്തിന് പുറമെ സാംസ്‌കാരിക, കലാ പരിപാടികൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, ശിൽപശാലകൾ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. കൂടാതെ, മികച്ച പ്രസാധകർക്കും എഴുത്തുകാർക്കുമായി ദോഹ അന്താരാഷ്ട്ര പുസ്തകമേള പുരസ്‌കാരങ്ങളും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക പ്രസാധകർ, അന്താരാഷ്ട്ര പ്രസാധകർ, ബാല സാഹിത്യ പ്രസാധകർ, ക്രിയേറ്റീവ് റൈറ്റർ, യുവ ഖത്തരി എഴുത്തുകാരൻ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ നൽകുക.
