മുകേഷ് കുമാർ
“ഇയാളെ ഞാന്‍ ബോംബേക്ക് കൊണ്ടു പോവുകയാണ്. ഈ പാട്ടിന് ഹിന്ദിയിലും ഇയാളുടെ സ്വരം തന്നെ വേണം”… പ്രശസ്ത സംഗീത സംവിധായകന്‍ നൗഷാദ് എം എസ് വിശ്വനാഥനോട് പറഞ്ഞു. തന്റെ സംഗീത ട്രൂപ്പില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അയാള്‍ക്ക് ഇന്ത്യന്‍ സിനിമയിലെ സംഗീത ചക്രവർത്തിയായ നൗഷാദിന്റെ കൂടെ ഒരു അവസരം കിട്ടുന്നതില്‍ എം എസ് വി-ക്കും സന്തോഷം തന്നെയായിരുന്നു. അങ്ങനെ രാജേന്ദ്ര കുമാർ, വൈജയന്തിമാല എന്നിവരഭിനയിച്ച ” സാഥി” എന്ന സിനിമയിൽ ഗായകന്‍ മുകേഷിനോടൊപ്പം അയാളും പങ്കു ചേര്‍ന്നു.
—————————
ലാഡ്ല (Laadla) എന്ന സിനിമയിൽ ലതാ മങ്കേഷ്കർ പാടുന്ന വളരെ പ്രത്യേകതയുള്ള ഒരു പാട്ടില്‍ കൂടെ പാടാന്‍ ഒരാളെ അന്വേഷിച്ച് നടന്ന ലക്ഷ്മികാന്ത് പ്യാരിലാലും അവസാനം എത്തിച്ചേര്‍ന്നത് അയാളിലാണ്
—————————— —–
തിരുവനന്തപുരത്ത് പട്ടത്ത് ജനിച്ച് വളര്‍ന്ന സദന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ സിനിമാ മോഹവുമായി മദ്രാസിലെത്തി. തമിഴ് സിനിമയിലെ പ്രശസ്തരായ പലരുടെയും അഭിനയക്കളരിയായിരുന്ന രാജമാണിക്യം നാടക ട്രൂപ്പില്‍ സദനും അംഗമായി. സ്വാഭാവികമായും അടുത്ത ഘട്ടം സിനിമ ആയിരുന്നു. 1959-ല്‍ റിലീസായ “ചതുരംഗം” എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ചു. തമിഴ്, മലയാളം സിനിമകളില്‍ ചെറിയ ഹാസ്യ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധ നേടി. തമിഴിലെ ഹാസ്യ താരങ്ങളായ ചന്ദ്രബാബു, നാഗേഷ് തുടങ്ങിയവരോടൊപ്പം നിരവധി സിനിമകൾ ചെയ്തു. മികച്ച മിമിക്രി കലാകാരനും ഗായകനുമായിരുന്ന സദന്‍ സംഗീത സംവിധായകന്‍ എം എസ് വിശ്വനാഥന്റെ ട്രൂപ്പില്‍ ‘എഫക്റ്റ്സ്’ കൈകാര്യം ചെയ്തിരുന്നു. ‘പാലും പഴവും’ എന്ന സിനിമയില്‍ ടി എം സൗന്ദര്‍രാജന്‍ പാടിയ പ്രശസ്ത തമിഴ് ഗാനമായ “പോനാല്‍ പോകട്ടും പോടാ”-യില്‍ ശ്മശാനത്തിലെ ജീവികളുടെയും അന്തരീക്ഷത്തിന്റെയും ഒക്കെ ശബ്ദം നല്‍കിയത് സദന്‍ ആയിരുന്നു. ഇത് കേട്ടപ്പോഴാണ് ആ സിനിമയുടെ ഹിന്ദി പതിപ്പായ ” സാഥി”യിലും സദന്റെ ശബ്ദം ഉപയോഗിക്കാന്‍ നൗഷാദ് ബോംബേക്ക് കൊണ്ടു പോയത്. “ലാഡ്ല” യില്‍ ലതാ മങ്കേഷ്കറിനൊപ്പം കിളിയുടെ സ്വരത്തിലാണ് സദന്‍ പാടിയത്.
സദന്‍ തന്റെ മിമിക്രി കഴിവുകൾ മുഴുവന്‍ പുറത്തെടുത്ത ഗാനമായിരുന്നു കെ ബാലചന്ദറിന്റെ ‘അവള്‍ ഒരു തുടര്‍കഥ’-യിലെ ‘കടവുള്‍ അമൈത്ത് വൈത്ത മേടൈ’ എന്ന ഗാനം. കമല്‍ ഹാസന്‍ വേദിയിൽ മിമിക്രി അവതരിപ്പിക്കുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ ആ ഗാനത്തിലെ വിവിധ പക്ഷി മൃഗാദികളുടെ ശബ്ദങ്ങള്‍ സദന്‍ തന്റെ ശബ്ദാനുകരണ വൈഭവം കൊണ്ട് അവിസ്മരണീയമാക്കി.
മലയാളത്തിൽ “അരപ്പിരിയിളകിയതാര്‍ക്കാണ്?”, ” മണിയന്‍ ചെട്ടിക്ക് മണിയന്‍ മിഠായി”, “പരിപ്പ് വട, പക്കാ വട” തുടങ്ങി നിരവധി ഹാസ്യഗാനങ്ങളില്‍ സദന്റെ സാന്നിദ്ധ്യമുണ്ട്.
തമിഴിലും മലയാളത്തിലുമായി ഇരുനൂറിലേറെ ചിത്രങ്ങളിലഭിനയിച്ച പട്ടം സദന്‍ അവസാനമായി അഭിനയിച്ച ചിത്രം 1992-ല്‍ പുറത്തിറങ്ങിയ ‘സിംഹധ്വനി’ ആയിരുന്നു. ആ വര്‍ഷം തന്നെ അദ്ദേഹം മദ്രാസിലെ വടപഴനിയില്‍ വച്ച് അന്തരിച്ചു. (സദന്‍ അഭിനയിച്ച മാനത്തെ കൊട്ടാരം, ഹൈജാക്ക് എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ മരണ ശേഷം പുറത്തു വന്നിരുന്നു)
ലതാ മങ്കേഷ്കർ, മുകേഷ് എന്നിവരോടൊപ്പം ശബ്ദ സാന്നിദ്ധ്യമായ, നൗഷാദ്, ലക്ഷ്മികാന്ത് പ്യാരിലാല്‍ എന്നിവര്‍ തേടിയെത്തിയ പട്ടം സദന്‍ എന്ന കലാകാരന്‍ ഇന്നും അധികമാരാലും അറിയപ്പെടാതെ സിനിമാ ചരിത്രത്തിന്റെ അരികിലെവിടെയോ കാണപ്പെടുന്നു.
പാട്ടുകളുടെ ലിങ്ക് താഴെ കൊടുക്കുന്നു