ജിദ്ദ : പ്രവാസി സമൂഹത്തെ ആവേശത്തിലാഴ്ത്തിയും ഇന്ത്യയും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഊട്ടിയുറപ്പിച്ചുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദർശനം പുരോഗമിക്കുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് സൗദി ഭരണകൂടം ഒരുക്കിയ അതിവിശിഷ്ട സ്വീകരണത്തിന് ശേഷം ജിദ്ദയിലെ ഇന്ത്യൻ സമൂഹവുമായും മോദി സംവദിച്ചു. ഇന്ന് രാത്രി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങൾക്കുമിടയിൽ നിരവധി കരാറുകൾ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ന് രാവിലെ ഇന്ത്യൻ സമയം ഒൻപതുമണിയോടെ സൗദിയിലേക്ക് പുറപ്പെട്ട മോദിക്ക് സൗദിയുടെ വ്യോമാതിർത്തിയിൽ തന്നെ ഭരണകൂടം വൻ സ്വീകരണം ഒരുക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന് സൗദി യുദ്ധവിമാനങ്ങള്‍ അകമ്പടി സേവിച്ചു. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ഉടൻ പ്രധാനമന്ത്രിയുടെ വിമാനത്തെ സൗദി യുദ്ധവിമാനങ്ങള്‍ അനുഗമിക്കുകയായിരുന്നു
ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ മോദിയെ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍, വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി, ജിദ്ദ മേയര്‍ സ്വാലിഹ് അല്‍തുര്‍ക്കി, മക്ക പ്രവിശ്യ പൊലീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സ്വാലിഹ് അല്‍ജാബിരി, ഇന്ത്യയിലെ സൗദി എംബസി ചാര്‍ജ് ഡി അഫയേഴ്സ് അഹ്മദ് അല്‍അഹ്മരി, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ ഇജാസ് ഖാന്‍, മക്ക പ്രവിശ്യ റോയല്‍ പ്രോട്ടോക്കോള്‍ ഡയറക്ടര്‍ അഹ്മദ് അബ്ദുല്ല ബിന്‍ ദാഫിര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ജിദ്ദ റിറ്റ്സ് കാൾട്ടൻ ഹോട്ടലിലാണ് മോദി ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തിയത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തി. സൗദി ഗായകൻ ഹാഷിം അബ്ബാസ് മോദിക്ക് മുന്നിൽ ഹിന്ദി ഗാനം ആലപിച്ചു. ഹാഷിം അബ്ബാസിന്റെ ഗാനത്തിന് മോദി കയ്യടിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി.
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള രാഷ്ട്രീയ ഏകോപനവും സാമ്പത്തിക പങ്കാളിത്തവും മോദിയുടെ സന്ദർശനത്തിൽ ചർച്ചയാകും. ദീര്‍ഘകാലമായി ഇന്ത്യയുമായി ശക്തവും ചരിത്രപരവുമായ ബന്ധമാണ് സൗദി അറേബ്യക്കുള്ളത്. രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ മേഖലകളില്‍ തന്ത്രപരമായ പങ്കാളിത്തം കൈവരിക്കാനും സുസ്ഥിര സഹകരണവും കൂടുതൽ വിപുലമാകുമെന്നും വിലയിരുത്തപ്പെടുന്നു. ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളില്‍ സൗദി ഭരണാധികാരികളുമായി കൂടിയാലോചന നടത്തും.
ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഇന്ത്യക്ക് ഏറ്റവുമധികം എണ്ണ നല്‍കുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. 2024 ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം 3,990 കോടി ഡോളറായിരുന്നു. ഇന്ത്യയിലേക്ക് വിദേശ നാണ്യം അയക്കുന്ന പ്രധാന സ്രോതസ്സായി സൗദിയിലെ ഇന്ത്യന്‍ സമൂഹം മാറിയിട്ടുണ്ട്.












