ഷാർജ : പുതിയ അധ്യയന വർഷം ആരംഭിച്ച് യുഎഇയിലെ സ്‌കൂളുകൾ തിങ്കളാഴ്ച തുറന്നപ്പോൾ ഷാർജ ഇന്ത്യൻ സ്‌കൂൾ ജുവൈസയിൽ ഒന്നാം ക്ലാസിലെ കുട്ടികൾക്കായി പ്രവേശനോത്സവം ഒരുക്കി. കളിച്ചും ചിരിച്ചും ചിണുങ്ങിയും ഒന്നാം ക്ലാസിലേക്ക് എത്തിയ കുരുന്നുകൾക്ക് ആദ്യ ദിനം നവ്യാനുഭവമായി.ഷാർജ ഇന്ത്യൻ അസോസിയേഷനു കീഴിലുള്ള ഷാർജ ഇന്ത്യൻ സ്‌കൂൾ ബോയ്‌സ് വിഭാഗത്തിൽ (ജുവൈസ) അയ്യായിരത്തിലേറെ കുട്ടികളാണ് പഠിക്കുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളായ പി.കെ റെജി, നസീർ കുനിയിൽ, ബദ്രിയ ഇബ്രാഹിം, മുഹമ്മദ് അമീൻ, ജീവ് മാധവൻ, ഷൈലജ രവി, ദീപ്തി ടോംസി, ആശ രവീന്ദ്രൻ നായർ എന്നിവർ ചേർന്ന് മധുരം നൽകിയും ആശംസകൾ നേർന്നും കുട്ടികളെ സ്വീകരിച്ചു.
കുട്ടികളുടെ സുരക്ഷയോടൊപ്പം അത്യാധുനിക സൗകര്യങ്ങളോടെ ആഹ്ളാദപ്രദമായ പഠനാന്തരീക്ഷമാണ് സ്‌കൂളിൽ ഒരുക്കിയിട്ടുള്ളത്. തുടർന്ന് കലാപരിപാടികളും അരങ്ങേറി. സൂപ്പർ വൈസർമാർ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
