കുവൈത്ത് സിറ്റി: ഖത്തർ ഇക്കണോമിക് ഫോറത്തിന്റെ അഞ്ചാം പതിപ്പിൽ പങ്കെടുക്കാൻ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹിന് ക്ഷണം. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ഈ മാസം 20 മുതൽ 22 വരെയാണ് ഖത്തർ ഇക്കണോമിക് ഫോറം.
കുവൈത്ത് കിരീടാവകാശിയെ ഫോറത്തിലേക്ക് ക്ഷണിച്ച് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ക്ഷണക്കത്ത് അയച്ചു. കുവൈത്തിലെ ഖത്തർ അംബാസഡർ അലി ബിൻ അബ്ദുല്ല അൽ മഹ്മൂദ് ക്ഷണം കിരീടാവകാശിക്ക് കൈമാറി. ബയാൻ പാലസിൽ നടന്ന ചടങ്ങിൽ കിരീടാവകാശിയുടെ ഓഫിസ് ഡയറക്ടർ ലഫ്റ്റനന്റ് ജനറൽ ജമാൽ അൽ തിയാബ്, ദിവാനിലെ വിദേശകാര്യ അണ്ടർ സെക്രട്ടറി മാസിൻ അൽ ഇസ്സയും പങ്കെടുത്തു.
