അബുദാബി : ശ്രീലങ്കയിലെ ഊർജ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയും യുഎഇയും ത്രികക്ഷി കരാറിൽ ഒപ്പുവച്ചു. ട്രിങ്കോമാലിയെ പ്രാദേശിക ഊർജ കേന്ദ്രമായി വികസിപ്പിക്കുന്നതിനാണ് 3 രാജ്യങ്ങളും ചേർന്ന് പദ്ധതി ആവിഷ്ക്കരിച്ചത്.യുഎഇ നിക്ഷേപ മന്ത്രാലയവും ഇന്ത്യൻ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവും ശ്രീലങ്കൻ ഊർജ മന്ത്രാലയവും സംയുക്തമായി ത്രികക്ഷി ധാരണാപത്രത്തിൽ ഒപ്പിട്ടു. യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദി, ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ശ്രീലങ്കൻ ഊർജ മന്ത്രാലയം സെക്രട്ടറി കെ.ടി.എം. ഉദയംഗ ഹേമപാല എന്നിവർ കരാറിൽ ഒപ്പുവച്ചു.
ട്രിങ്കോമാലി ടാങ്ക് ഫാമിന്റെ നവീകരണം, ബങ്കർ ഇന്ധന വിതരണ സംരംഭങ്ങൾ, പുതിയ റിഫൈനറി പ്രോജക്റ്റ് എന്നിവ ഉൾപ്പെടെ ഒട്ടേറെ വികസന പദ്ധതികൾ ഇതിനു കീഴിൽ വരും. പദ്ധതിയുടെ മേൽനോട്ടത്തിന് 3 രാജ്യങ്ങളുടെയും പങ്കാളിത്തമുള്ള ജോയിന്റ് വെഞ്ച്വർ കമ്പനി സ്ഥാപിക്കാനും തീരുമാനമായി.
ഇന്ത്യ-ശ്രീലങ്ക പെട്രോളിയം പൈപ്പ് ലൈൻ, പ്രാദേശിക ലോജിസ്റ്റിക്സ് കേന്ദ്രം, ഇന്ധന സുരക്ഷ ശക്തിപ്പെടുത്തുക എന്നിവയും കരാറിൽ ഉൾപ്പെടുന്നു. ദക്ഷിണേഷ്യയിലേക്കുള്ള ഒരു പ്രധാന ഊർജ, ലോജിസ്റ്റിക് ഗേറ്റ് വേ എന്ന നിലയിൽ ട്രിങ്കോമാലിയുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്നു. ഇന്ത്യ-യുഎഇ ബന്ധത്തിൽ തന്ത്രപ്രധാന സംരംഭമാണിതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
