അബുദാബി : ഈ വർഷം ആദ്യ പാദത്തിൽ ആഭ്യന്തരമായും രാജ്യാന്തര തലത്തിലും കരയിലും കടലിലുമായി ആകെ 168 തിരച്ചിലും മറ്റു രക്ഷാപ്രവർത്തനങ്ങളും നടത്തിയതായി യുഎഇ നാഷനൽ ഗാർഡ് കമാൻഡ് അറിയിച്ചു. ഈ കാലയളവിൽ കോസ്റ്റ് ഗാർഡ് അറേബ്യൻ ഗൾഫിലും ഒമാൻ ഉൾക്കടലിലും 23 തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ നടത്തി ഒട്ടേറെ ജീവനുകൾ രക്ഷിച്ചു.
ഇത് കമ്യൂണിറ്റി വർഷത്തിൽ അടിയന്തരാവസ്ഥകളിലും പ്രതിസന്ധി ഘട്ടങ്ങളിലും ദ്രുത പ്രതികരണ ശേഷി വർധിപ്പിക്കുന്നതിനുള്ള നാഷനൽ ഗാർഡിന്റെ തുടർച്ചയായ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു.അതേസമയം, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് 34 തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, മെഡിക്കൽ ഒഴിപ്പിക്കലുകൾ എന്നിവയുൾപ്പെടെ 145 പ്രവർത്തനങ്ങൾ നാഷനൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്റർ ഏറ്റെടുത്തു നടത്തി.കൂടാതെ, രാജ്യത്തിനുള്ളിൽ 9 മെഡിക്കൽ ട്രാൻസ്‌പോർട്ട്, എയർ ആംബുലൻസ് ദൗത്യങ്ങളും വിദേശത്ത് സമാനമായ നാല് പ്രവർത്തനങ്ങളും നടത്തി. ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ച് ഭൂമിശാസ്ത്രപരമായ വ്യത്യസ്ത പ്രദേശങ്ങളിൽ വേഗത്തിലും ഫലപ്രദവുമായ പ്രവർത്തനം ഉറപ്പാക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
അടിയന്തര സഹായം ആവശ്യമുള്ള ഏതൊരു സാഹചര്യവും ഉണ്ടായാൽ 995 എന്ന നമ്പറിൽ സെർച്ച് ആൻഡ് റെസ്‌ക്യൂ എമർജൻസി ലൈനിലോ, 996 എന്ന നമ്പറിൽ കോസ്റ്റ് ഗാർഡ് എമർജൻസി ലൈനിലോ ബന്ധപ്പെടണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
