ബംഗളൂരു: കര്‍ഔണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ക്വാറന്‍റെെനില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്‍റെ ദ്യോഗിക വസതിയിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ക്വാറന്‍റെെനില്‍ പ്രവേശിച്ചത്. കുമാര പാര്‍ക്ക് റോഡിലുളള ഔദ്യോഗിക വസതിയിലാണ് അദ്ദേഹം ക്വാറന്‍റെെനില്‍ കഴിയുന്നത്. മുഖ്യമന്ത്രിയുടെ ആരോഗ്യ തൃപ്തികരമാണെന്നും എങ്കിലും അദ്ദേഹം ക്വാറന്‍റെെനില്‍ പോകാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം. പി രേണുകാചാര്യ പറഞ്ഞു.
തന്‍റെ ഔദ്യോഗിക വസതിയിലെ ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവായതിനാല്‍ ക്വാറന്‍റെെനില്‍ പ്രവേശിക്കുകയാണെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്‍റെെനില്‍ ഇരുന്നു കൊണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുളള നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങള്‍ മാസ്‌ക്കുകള്‍ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ മാസം അദ്ദേഹത്തിന്‍റെ ഓഫീസിലെ നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍, ഇലക്ട്രീഷ്യന്‍, ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വ്വീസിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചിരുന്നു.