കൊല്ലം: കേരളത്തിന്റെ വികസനകുതിപ്പിന് വേഗതകൂട്ടാനുള്ള പദ്ധതികൾക്ക് ഊന്നൽ നൽകി സി.പി. എമ്മിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ നവകേരളത്തിനായുള്ള പുതുവഴി നയരേഖ. റെയിൽവെ, മെട്രോ, റോഡ്, ജലഗതാഗതങ്ങൾ എന്നിവ ചേർത്ത് അതിവേഗ മൾട്ടി മോഡൽ പൊതുഗതാഗത സംവിധാനം കൊണ്ടുവരും. വിഴിഞ്ഞം തുറമുഖം അധിഷ്ഠിത വികസനവും ലോജിസ്റ്റിക്ക് പാർക്കുകൾ, കപ്പൽ നിർമ്മാണം, വെയർ ഹൗസിങ്ങ്, സമർപ്പിത വികസന സോണുകൾ എന്നിവയും അടങ്ങിയ തലസ്ഥാന മേഖലാ വികസന പദ്ധതിയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. സിൽവർ ലൈൻ അതിവേഗ റെയിൽ പാതയും ശബരിമല വിമാനത്താവളവും യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ മുന്നോട്ടുകൊണ്ടു പോകുമെന്നും നയരേഖ പറയുന്നു. 2022-ൽ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് രേഖയുടെ തുടർച്ചയായാണ് നവകേരളത്തിന് പുതുവഴികൾ രേഖ അദ്ദേഹം തന്നെ അവതരിപ്പിച്ചത്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കലാണ് നവകേരളത്തിനായുള്ള പുതുവഴി രേഖയുടെ പ്രധാനലക്ഷ്യം. യുവാക്കൾ വിദേശത്ത് പോകുന്ന പ്രവണത തടയാൻ സമാന സാഹചര്യം നാട്ടിലുണ്ടാക്കണം. സ്കാൻഡിനേവിയൻ വികസിത രാജ്യങ്ങളിലെ മാതൃകകളാണ് ഇതിനായി പരിചയപ്പെടുത്തുന്നത്. 2026 ഓടെ 15,000 സ്റ്റാർട്ട് അപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കും. ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിക്കും. അവ കൃത്യമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും. വീട്ടമ്മമാരുടെ പെൻഷൻ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും നയരേഖ പറയുന്നു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും അധ്യാപനത്തിന്റെയും പഠനത്തിന്റെയും ഗുണനിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. സ്വകാര്യ മേഖലയിലുള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാമൂഹ്യ നീതി ഉറപ്പാക്കുകയും നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. സര്‍ക്കാര്‍ മേഖലയിലും സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വന്‍ തോതിലുള്ള ഉന്നത വിദ്യാഭ്യാസ ഗവേഷണശാലകള്‍ സ്ഥാപിക്കും. പൊതുവിദ്യാഭ്യാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നയരേഖ പറയുന്നു.
ടൂറിസത്തെ സംസ്ഥാനത്തിൻ്റെ സാമ്പത്തിക വികാസത്തിന്റെ പ്രധാന മേഖലയാക്കി മാറ്റും. ഇതിനായി ടൂറിസത്തെ ജനകീയമാക്കും. ജനങ്ങളുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായി ഇതിനെ വികസിപ്പിക്കും. ഇതിനായി റെസ്പോൺസിബിൾ ടൂറിസം സൊസൈറ്റിയുടെ പ്രവർത്തനം വിപുലീകരിക്കും. നൂതന സംരംഭങ്ങൾ ആകർഷിക്കുന്നതിനായി ടൂറിസം സ്റ്റാർട്ട് അപ്പുകളെ ശക്തിപ്പെടുത്തും. സ്റ്റാർട്ട് അപ്പ് മിഷനുമായി ചേർന്ന് പ്രവർത്തിക്കും. വൻകിട ഹോട്ടലുകൾക്കൊപ്പം ഹോംസ്റ്റേ, കെ-ഹോംസ് പദ്ധതികളെ ശക്തിപ്പെടുത്തും. – നയരേഖ പറയുന്നു
തിരിച്ചുവരുന്ന കുടിയേറ്റക്കാർക്ക് അവരുടെ തിരിച്ചുവരവിന് മുമ്പ് സർക്കാരുമായി സഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ തൊഴിലവസരങ്ങൾ ഒരുക്കും. പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നോർക്ക കെയർ എന്ന പേരിലുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കി. മടങ്ങിവരുന്ന പ്രവാസികളുടെ നൈപുണ്യം സാക്ഷ്യപ്പെടുത്തുന്നതിനും, അതുവഴി മികച്ച തൊഴിലവസരങ്ങൾ ലഭിക്കുന്നതിനുമായി കെ.എ.എസ് ഇയുമായി ചേർന്ന് സ്റ്റേറ്റ് സർട്ടിഫിക്കേഷൻ പദ്ധതി ആവിഷ്ക്കരിക്കും. നിലവിലുള്ള പ്രവാസി സംഘങ്ങൾക്ക് സഹായം നൽകുന്നതിനും, തിരിച്ചെത്തിയ പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളേയും ഉൾപ്പെടുത്തി സംരംഭക ഗ്രൂപ്പുകൾ രൂപീകരിക്കുക, നിക്ഷേപങ്ങൾ സമാഹരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ഒരു മിഷൻ 6 മാസങ്ങൾ കൊണ്ട് രൂപീകരിക്കും- നയരേഖ പറയുന്നു.












