കുവൈത്ത് സിറ്റി: ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേസ് സർവിസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു. നിലവിൽ 33 വിമാനങ്ങളുണ്ട് കമ്പനിക്ക്. എത്ര വിമാനങ്ങളാണ് പുതുതായി വാങ്ങുന്നതെന്നും ഏതൊക്കെ നഗരങ്ങളിലേക്കാണ് സർവിസ് ആരംഭിക്കുന്നതെന്നും വൈകാതെ വ്യക്തമാക്കുമെന്ന് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽ മുഹ്സിൽ അൽ ഫഖാൻ പറഞ്ഞു.
സർവിസ് മെച്ചപ്പെടുത്തിയും പുതിയ സ്ഥലങ്ങളിലേക്ക് സർവിസ് ആരംഭിച്ചും കൂടുതൽ ആളുകളെ ആകർഷിക്കാനാണ് കുവൈത്ത് എയർവേസിന്റെ പദ്ധതി. പുതിയ വിമാനത്താവള ടെർമിനൽ നിർമാണം 2027ൽ പൂർത്തിയാകുന്നതോടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. വേനൽക്കാല ഡിമാൻഡ് കണക്കിലെടുത്ത് 58 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ജൂൺ മുതൽ പ്രത്യേക സർവിസ് നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്പിലേക്ക് യാത്രക്കാർ വർധിക്കുന്നത് പരിഗണിച്ച് കൂടുതൽ വലിയ വിമാനങ്ങൾ വിന്യസിക്കും. ഇവയിൽ മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവത്തിനായി റോയൽ, ബിസിനസ് ക്ലാസ് കാബിൻ സൗകര്യങ്ങളുണ്ടാകും.
