ദുബൈ: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച മഴ ലഭിച്ചു. വടക്കൻ എമിറേറ്റുകളിലെ ചില ഭാഗങ്ങളിലാണ് വൈകുന്നേരത്തോടെ മഴയെത്തിയത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും മഴ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. ചിലയിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. രാജ്യത്താകമാനം മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എ.ഇയെ ബാധിക്കുന്ന പടിഞ്ഞാറുനിന്നുള്ള മുകളിലെ വായുപ്രവാഹം മൂലമാണ് മഴ ലഭിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ സ്ഥിതി ഇടക്കിടെ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഞായറാഴ്ച റാസൽഖൈമയിലെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചതിന്റെ ദൃശ്യങ്ങൾ കാലാവസ്ഥ വകുപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.











