കുവൈത്ത് സിറ്റി : കുവൈത്ത് ഗതാഗത നിയമ പരിഷ്‌ക്കരണം. രാജ്യത്തെ അഞ്ചു പതിറ്റാണ്ടോളം പഴക്കമുള്ള ഗതാഗത നിയമ ഭേദഗതി ചെയ്തത് ഏപ്രില്‍ 22 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. നടപ്പാക്കുന്നതിന് മുന്നോടിയായി ആഭ്യന്തരമന്ത്രാലയം വിവിധതലങ്ങളില്‍ ബോധവല്‍ക്കരണം ശക്തമാക്കിയിട്ടുണ്ട്. അറബിക്, ഹിന്ദി കൂടാതെ അഞ്ച് ഭാഷകളില്‍ പ്രചാരണങ്ങള്‍ സംഘടിപ്പിച്ച് വരുന്നു.പൗരന്മാര്‍ക്കും രാജ്യത്തെ വിദേശികള്‍ക്ക് എളുപ്പം മനസ്സിലാക്കുന്ന കഴിയുന്ന തരത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി കാര്‍ഡുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ജനുവരി 30 മുതല്‍ ഇടവിട്ടുള്ള ദിവസങ്ങളില്‍ ഓരോ കാര്‍ഡുകള്‍ വച്ചാണ് ആഭ്യന്തരമന്ത്രാലയം പുറത്തിറയിരിക്കുന്നത്.
∙സീറ്റ് ബെല്‍റ്റ്
വാഹനം ഓടിക്കുന്ന വ്യക്തിയും, മുന്‍ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. അലെങ്കില്‍ 30 ദിനാര്‍ പിഴ. എന്നാല്‍ കേസ് കോടതിയിലേക്ക് പോയാല്‍ കുറഞ്ഞത് ഒരു മാസം തടവ് ശിക്ഷ. 50 മുതല്‍ 1000 ദിനാര്‍ വരെ പിഴയും ഈടാക്കും.
∙ മൊബൈല്‍ ഫോണ്‍ ഉപയോഗം
ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണ്‍/ഏതെങ്കില്ലും കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ കൈവശം വച്ചുള്ള ഉപയോഗത്തിന് 75 ദിനാര്‍ പിഴ ഒടുക്കണം. പൊലീസിന്റെ നേരിട്ടുള്ള പിഴ ശിക്ഷ അല്ലാതെ കേസ് കോടതിയിലേക്ക് മാറ്റിയാല്‍ മൂന്ന് മാസം തടവ് ശിക്ഷ/അലെങ്കില്‍ 150 മുതല്‍ 300 ദിനാര്‍ പിഴ നല്‍കേണ്ടി വരും.
∙ ചുവപ്പ് സിഗ്‌നല്‍
ചുവപ്പ് സിഗ്‌നല്‍ മറികടന്നാല്‍150 ദിനാര്‍ പിഴ. കേസ് കോടതിയിലേക്ക് വിട്ടാല്‍ ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. അതുപോലെതന്നെ പിഴതുക 600 മുതല്‍ 1000 വരെയാണ് നിര്‍വചിച്ചിരിക്കുന്നത്.
∙ അനുവാദമില്ലാതെ ‘റെയ്‌സ്’
മൂന്ന് പ്രധാന കാര്യങ്ങളാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്. അനുവദം ഇല്ലാതെ നിരത്തിൽ വാഹനം അപകടകരമാവിധം ഓടിച്ചാല്‍/അനുവാദം ലഭിച്ചശേഷം ലംഘനം നടത്തിയാല്‍, അത്‌പോലെതന്നെ കൂട്ടം ചേര്‍ന്ന് വാഹനങ്ങള്‍ ഓടിച്ച് മറ്റുള്ളവര്‍ക്ക് അപകടമോ, നാശനഷ്ടമോ സംഭവിച്ചാല്‍ 150 ദിനാറാണ് പിഴ. കേസ് കോടതിയുടെ മുന്നിലെത്തിയാല്‍, ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ. അല്ലെങ്കില്‍ 600-മുതല്‍ 1000 ദിനാര്‍ പിഴ കൊടുക്കേണ്ടി വരും.
കൂടാതെ, പത്ത് വയസ്സിനു താഴെയുള്ള കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്ക് ഇരുത്തിയാല്‍ 500 ദിനാര്‍ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ഉണ്ടാകുമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍-സബഹാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കൂടെ വാഹനത്തില്‍ മുതിര്‍ന്നവര്‍ എപ്പോഴും കാണണം. അല്ലാത്തപക്ഷം, ബാലാവകാശ നിയമ പ്രകാരമുള്ള കുറ്റകൃത്യമാണ്.
വാഹനം ഓടിക്കുമ്പോള്‍ കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കി പിന്‍ സീറ്റില്‍ ഇരുത്തുകയും ചെയ്യണം. കഴിഞ്ഞ വര്‍ഷം വിവിധ വാഹനാപകടങ്ങളില്‍ 284 മരണങ്ങള്‍ നടന്നു. റോഡ് സുരക്ഷ വര്‍ധിപ്പിക്കുക, നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി അപകടങ്ങള്‍ കുറയ്ക്കുക എന്നാതാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.
