ദുബായ് : ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും 50 മേഖലകളിൽ കൂടി ആർടിഎ ഗതാഗത പരിഷ്കാരം നടപ്പാക്കി . ഇതുവഴി 60 ശതമാനം വരെ യാത്രാ സമയം ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പല മേഖലകളിലും റോഡുകളുടെ ശേഷി 20 ശതമാനം വരെ വർധിച്ചു.ബെയ്റൂട്ട് സ്ട്രീറ്റിൽ റോഡിനു വീതി കൂട്ടി, അൽ ഖവനീജ് സ്ട്രീറ്റിനും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിനും ഇടയിലെ ഇന്റർസെക്‌ഷൻ മെച്ചപ്പെടുത്തി. അൽ റെബാത്ത് സ്ട്രീറ്റിൽ നിന്നു ബിസിനസ് ബേ ക്രോസിങ്ങിൽ ഒരു ലെയ്ൻ കൂടി കൂട്ടിച്ചേർത്തു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് അൽ റെബാത്ത് സ്ട്രീറ്റിലേക്കുള്ള എക്സിറ്റിന്റെ വീതി കൂട്ടി.
അൽഖെയിൽ റോഡിനെ മെയ്ദാൻ സ്ട്രീറ്റുമായി ബന്ധിപ്പിക്കാൻ പുതിയ റോഡ് നിർമിച്ചു. അൽ റെബാത്ത് സ്ട്രീറ്റിലേക്കുള്ള എക്സിറ്റിൽ 600 മീറ്റർ നീളം കൂട്ടി, 2 ലെയ്ൻ ആയിരുന്നത് 3 ആക്കി. ഇതോടെ മണിക്കൂറിൽ 4500 വാഹനം കടന്നു പോകാനുള്ള ശേഷി റോഡിനു ലഭിച്ചു. 10 മിനിറ്റ് യാത്ര 4 ആയി കുറഞ്ഞു. നാദ് അൽ ഷെബയിലെ തിരക്ക് കുറയ്ക്കാൻ മെയ്ദാൻ സ്ട്രീറ്റിൽ നിന്ന് പുതിയ എൻട്രിയും എക്സിറ്റും നിർമിച്ചു.











