മുംബൈ: ഒരു ദിവസത്തെ ബ്രേക്കിനു ശേഷം ഓഹരി വിപണി വീണ്ടും നേട്ടത്തിന്റെ പാതയില്‍. സെന്‍സെക്‌സ് 408 പോയിന്റ് നേട്ടമാണ് ഇന്ന് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 36,737 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്‌റ്റി 107 പോയിന്റ് ഉയര്‍ന്ന് 10,813 ലാണ് ക്ലോസ് ചെയ്‌തത്. വ്യാപാരത്തിനിടെ നിഫ്‌റ്റി 10,836.85 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.
10,800 പോയിന്റിന് മുകളില്‍ ക്ലോസ് ചെയ്‌തത് മുന്നേറ്റ സൂചനയാണ്. 10,800 പോയിന്റിലാണ് നിഫ്‌റ്റിക്കു നേരിയ സമ്മര്‍ദമുള്ളത്.
കഴിഞ്ഞയാഴ്‌ചയിലെ അവസാനത്തെ മൂന്ന് വ്യാപാര ദിനങ്ങളിലും ഈയാഴ്‌ചയിലെ ആദ്യത്തെ രണ്ട് ദിനങ്ങളിലും വിപണി നേട്ടം രേഖപ്പെടുത്തുകയാണ് ചെയ്‌തത്. ഇന്നലെ നേട്ടം തുടരാനായില്ലെങ്കിലും ഇന്ന് മുന്നേറ്റത്തിന്റെ വഴിയില്‍ തിരികെയെത്തി.
50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ 35 ഓഹരികളും നേട്ടമുണ്ടാക്കി. ഹിന്‍ഡാല്‍കോ, എച്ച്‌ഡിഎഫ്‌സി, എസ്‌ബിഐ, ബജാജ് ഫിനാന്‍സ്, ടാറ്റാ സ്റ്റീല്‍ എന്നിവയാണ് ഇന്ന് നിഫ്‌റ്റിയില്‍ കൂടുതല്‍ ലാഭം രേഖപ്പെടുത്തിയ ഓഹരികള്‍. ഹിന്‍ഡാല്‍കോ 6.58 ശതമാനം ഉയര്‍ന്നു. എച്ച്‌ഡിഎഫ്‌സിയും എസ്‌ബിഐയും നാല് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
ഇന്‍ഫ്രാടെല്‍, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ഹീറോ മോട്ടോഴ്‌സ് എന്നിവയാണ് നഷ്‌ടം കൂടുതലുണ്ടാക്കിയ നിഫ്‌റ്റി ഓഹരികള്‍.
ബാങ്ക്, മെറ്റല്‍ ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. നിഫ്‌റ്റി ബാങ്ക് സൂചിക 1.42 ശതമാനമാണ് ഉയര്‍ന്നത്. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.94 ശതമാനം നേട്ടമുണ്ടാക്കി.