റിയാദ് : സൗദി അറേബ്യയിലെ ജനസംഖ്യ 35 ദശലക്ഷം കവിഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ കണക്കുകൾ. 2024 വർഷത്തിന്റെ പകുതി വരെ സൗദി അറേബ്യയിലെ ജനസംഖ്യ 35.3 ദശലക്ഷത്തിലെത്തി. സൗദി പൗരന്മാർ മൊത്തം ജനസംഖ്യയുടെ 55.6 ശതമാനവും മറ്റുള്ളവർ 44.4 ശതമാനവുമാണ്.കണക്കുകൾ പ്രകാരം ആളുകളുടെ എണ്ണത്തിൽ 1.6 ദശലക്ഷത്തിന്റെ വാർഷിക വർധനവ് ഉണ്ടായിട്ടുണ്ട്. 2023 മധ്യത്തെ അപേക്ഷിച്ച് 2024 പകുതി വരെയുള്ള കാലയളവിൽ വളർച്ചാ നിരക്ക് 4.7 ശതമാനമാണ്. 2022 മെയ് മാസത്തെ അടിസ്ഥാന കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വളർച്ചാ നിരക്ക് 4.6 ശതമാനവുമാണ്.
ദേശീയതയുടെയും പ്രായപരിധിയുടെയും അടിസ്ഥാനത്തിൽ ജനനം മുതൽ 14 വയസ്സ് വരെ പ്രായമുള്ള സൗദി ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 33.5 ശതമാനമാണ്. ഇത് സൗദി ഇതര വിഭാഗങ്ങളിൽ 8.6 ശതമാനവുമാണ്. 15 നും 64 നും ഇടയിൽ ജോലി ചെയ്യുന്ന സൗദികളല്ലാത്തവരുടെ ശതമാനം കൂടുതലാണ്. ഇത് സൗദി ജനസംഖ്യയുടെ 62.7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 89.9 ശതമാനത്തിലെത്തി.
